കാട്ടാക്കട: പ്ലാവൂർ മണ്ഡലം കാര്യവാഹക് പ്ലാവൂർ തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണു (25) കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ റിമാൻഡിൽ. പ്രധാന പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. അമ്പലത്തിൽകാല സ്വദേശികളായ നിവിൻ, വൈശാഖ്, കിരൺ എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.കഴിഞ്ഞ ആഴ്ച കുരുതംകോട് ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയ്ക്കിടെ ഒരു സംഘം നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അക്രമമാണ് ചൊവ്വാഴ്ച വിഷ്ണുവിനെ വിനായക ക്ഷേത്രം ഉത്സവ ഘോഷയാത്രക്കിടെ ആക്രമിക്കാൻ കാരണമായത് .
അറസ്റ്റിലായ നിവിൻ ലഹരി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു ജാമ്യത്തിൽ ഇറങ്ങിയിട്ട് ഒരാഴ്ചയായി. അക്രമി സംഘത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രദേശത്തെ ലഹരി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറയുന്നു.
അതിനിടെ കിരൺ, വൈശാഖ് എന്നിവരെ പോലീസ് കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് ഇന്നലെ രാത്രി ഇവരുടെ ബന്ധുക്കൾ സ്റ്റേഷനിൽ എത്തുകയും വൈദ്യ പരിശോധന എടുക്കാൻ ജീപ്പിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പടെ ഉളളവർ ജീപ്പിന് മുന്നിൽ തടസം സൃഷ്ടിക്കുകയും ചെയ്തു.
ഇത് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ സംജതാമാക്കിയിരുന്നു. തുടർന്ന് ഇവരെ പിടിച്ചു മാറ്റി. വീണ്ടും പ്രതിഷേധവുമായി ഡിവൈഎസ്പി ഓഫീസിന് മുന്നിൽ തുടർന്ന സ്ത്രീകളിൽ കിരണിന്റെ മാതാവ് ഡിവൈഎസ്പി ഓഫീസ് വാതിലിൽ തല ഇടിച്ചു പ്രതിഷേധിച്ചു. പിന്നീട് ബന്ധുക്കൾ ഇവരെ അനുനയിപ്പിച്ച് കൊണ്ട് പോയി.