ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരളത്തിലെ ബിജെപിയുടെ ഗ്രേഡ് ഉയരാത്തതിൽ ആർഎസ്എസിന് അതൃപ്തി. സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രൻ എത്തിയിട്ടും പാർട്ടിക്കു വളർച്ച കിട്ടാത്തതു നേതാക്കൾ തമ്മിലുള്ള ഭിന്നിപ്പാണെന്ന നിലപാടിലാണ് ആർ എസ്എസ്.
രണ്ടു ഗ്രൂപ്പുകൾ സജീവമായി പാർട്ടിക്കുള്ളിൽ ഭിന്നിപ്പുമായി മുന്നോട്ടു പോകുന്നതും അടുത്ത കാലത്ത് ഉയർന്ന ആരോപണങ്ങളും നിയമസഭയിൽ ഒരു സീറ്റു പോലും ലഭിക്കാത്തതും ആർഎസ്എസ് ഗൗരവമായിട്ടാണ് കാണുന്നത്.
ഇതിനിടയിൽ ആർഎസ്എസ് നിയോഗിച്ച നേതാക്കളെ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്തതും ഗൗരവമായിട്ടാണ് സംഘടന കാണുന്നത്.
ബിജെപിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നിയോഗിക്കുന്ന നേതാക്കളിൽ പലരും ആരോപണവിധേയരാകുന്നതിലും ആർഎസ്എസിന് അസംതൃപ്തിയുണ്ട്.
അഴിച്ചുപണി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച കോർ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും വൻ അഴിച്ചുപണിക്കുള്ള സാധ്യതയാണ് തെളിയുന്നത്.
സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കാളിയായ കാലഘട്ടത്തിൽ പാർട്ടിയിൽ കാര്യങ്ങൾ നിയന്ത്രിച്ചവരെയും ഇതു ബാധിക്കുമെന്നറിയുന്നു. ജില്ലകളിലും അഴിച്ചുപണിക്കുള്ള സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ റിപ്പോർട്ടാണ് ബിജെപിക്കു സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് അടുത്തകാലത്തൊന്നും ബിജെപിയിൽ തയാറാക്കിയിട്ടില്ല.
എല്ലാമേഖലകളെയും നിരീക്ഷിച്ചിട്ടാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചർച്ചയ്ക്കായി ഈ ആഴ്ച കോർകമ്മിറ്റി ചേരും.
മൂന്നു നേതാക്കൾ
ബിജെപിയിൽ ഒരു അഴിച്ചു പണിക്കു കേന്ദ്രത്തിനു താല്പര്യമുണ്ടെന്നാണ് അറിയുന്നത്. അടുത്ത കാലത്തു വിവിധ സംസ്ഥാനങ്ങളിൽ നിയോഗിച്ചിരുന്ന മലയാളി നേതാവിനെ കേരളത്തിലേക്കു കൊണ്ടു വരാനുള്ള നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അറിയുന്നു.
ബിജെപിക്കു മുന്നിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ മൂന്നു നേതാക്കളെ ബാധിക്കുന്നുണ്ട്. കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, ഒ. രാജഗോപാൽ എന്നിവരുടെ പ്രസ്താവനകളും നിലപാടുകളും തിരിച്ചടിയായിട്ടുണ്ട്.
മുപ്പത്തഞ്ച് സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട്.
ഒ. രാജഗോപാലിന്റെ പ്രസ്താവനകൾ നേമത്തും പൊതുവിലും ദോഷം ചെയ്തെന്നും ജനകീയ എംഎൽഎയായി ഉയരാൻ രാജഗോപാലിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം അനുചിതമായെന്നും റിപ്പോർട്ടിലുണ്ട്. ശബരിമല വിഷയം മാത്രം ഉയർത്തി കാട്ടിയ പാർട്ടി ജനകീയ വിഷയങ്ങളെ തഴഞ്ഞതും ക്ഷീണമായി.