ഇരിങ്ങാലക്കുട: ദേവസ്വം പറന്പിൽ വിലക്കു ലംഘിച്ച് ആർഎസ്എസിന്റെ കായികാഭ്യാസ പരിശീലനം, ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകി. കൂടൽമാണിക്യം ദേവസ്വം അധിനതയിലുള്ള കൊട്ടിലായ്ക്കൽ പറന്പിലാണ് ആർഎസ്എസ് ശാഖയുടെ നേതൃത്വത്തിൽ കായികാഭ്യാസം നടന്നുവരുന്നത്. ഒരാഴ്ച മുന്പ് പോലീസ് നോക്കി നിൽക്കെ ആയിരുന്നു ഇവിടെ കായികാഭ്യാസം നടന്നത്.
കൊട്ടിലായ്ക്കൽ പറന്പിന്റെ കവാടത്തിൽ മുപ്പതോളം വരുന്ന ആർ എസ് എസ് പ്രവർത്തകരാണ് കായികാഭ്യാസം നടത്തിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടിലായ്ക്കൽ പറന്പിൽ ആർഎസ്എസ് ശാഖ നടത്തരുത് എന്ന് കാണിച്ചുള്ള നോട്ടീസ് മാസങ്ങൾക്കു മുൻപ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആർഎസ്എസ് നേതൃത്വത്തിനു നൽകിയിരുന്നു. ആ വിലക്കു ലംഘിച്ചാണ് വീണ്ടും ഇത്തരം കായിക പരിശീലനങ്ങൾ നടത്തുന്നത്.
ഇതറിഞ്ഞതോടെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇരിങ്ങാലക്കുട പോലീസിന് പരാതി നൽകുകയായിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളിൽ ചിലരെ സ്വാധീനിച്ചാണ് കൊട്ടിലായ്ക്കൽ പറന്പിൽ ആർഎസ്എസ് ശാഖ തടസമില്ലാതെ പ്രവർത്തിച്ചു വന്നിരുന്നതെന്ന് ആരോപണവും ഉണ്ട്. ടൗണിൽ അഞ്ചിടത്താണ് ഇത്തരത്തിൽ ആർഎസ്എസ് ന്റെ കായികാഭ്യാസ പരിശീലനം നടക്കുന്നത്. ആർഎസ്എസ് നേതൃത്വത്തിനോട് പോലീസ് ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടീട്ടുണ്ട്.