ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിൽ നടത്തിയ പരിഹാസങ്ങൾക്കു മറുപടി നൽകി കോണ്‍ഗ്രസ്. ജവഹർലാൽ നെഹ്റു ആധുനിക ഇന്ത്യക്ക് അടിത്തറ പാകുന്പോൾ ബിജെപിയുടെ മാർഗദർശികളായ ആർഎസ്എസുകാർ ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ തിരിച്ചടിച്ചത്.
നിങ്ങളുടെ മുത്തശിയോ മുത്തച്ഛനോ വാട്ടർ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടോ, ചെറുപ്പമായിരുന്നപ്പോൾ എങ്ങനെയാണ് കുടിവെള്ളം ലഭിച്ചിരുന്നതെന്ന് ചോദിച്ചു നോക്കൂ എന്നാണ് മോദി രാഹുലിനെ ചൂണ്ടി പറഞ്ഞത്. എന്നാൽ, നെഹ്റു ആധുനിക ഇന്ത്യക്കായി പ്രയത്നിച്ചു കൊണ്ടിരുന്നപ്പോൾ ബിജെപിയുടെ പിതാമഹന്മാർ ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നെന്നാണ് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്.
മോദിയുടെ പരിഹാസത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ട്വിറ്ററിൽ മറുപടി നൽകി. മന്ത്രിമാരും നേതാക്കളുമായ കോണ്‍ഗ്രസുകാരുടെ പേരെടുത്തു പറഞ്ഞ് ഓർമിപ്പിച്ചാണ് ചിദംബരം മോദിക്ക് മറുപടി നൽകിയത്.