മാവേലിക്കര: ചെട്ടികുളങ്ങരയിൽ ആർഎസ്എസ് നിരന്തരം നടത്തുന്ന ആക്രമണങ്ങളിൽ സിപിഎം പ്രതികരിക്കാത്തത് ദൗർബല്യമായി കാണരുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. ആർഎസ്എസുകാർ ഗുണ്ടാ ആക്രമണം നടത്തിയ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്്ണമ്മയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദഹം.
കേരളത്തിലെന്നല്ല, ഇന്ത്യയിലാകമാനം ആർഎസ്എസ് സംഘപരിവാർ പ്രസ്ഥാനങ്ങൾ അഴിച്ചു വിടുന്ന ഭീകരാക്രമണങ്ങളുടെ ഭാഗമാണ് ചെട്ടികുളങ്ങരയിലെ ആക്രമണങ്ങളും. ഒരു നിലക്കും ഇത് വച്ചു പൊറുപ്പിക്കാനാവില്ല. ജനങ്ങളെ അണിനിരത്തി ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ നേരിടും. പോലീസ് കൃത്യമായി നടപടികൾ സ്വീകരിക്കുന്നുണ്ട്.
കൂടുതൽ പരിശോധനകൾ ചെട്ടികുളങ്ങരയിൽ തുടരുമെന്നും അക്രമം നടത്തിയ മുഴുവൻ ആർഎസ്എസുകാരെയും പിടികൂടുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. ജനങ്ങളെ ഭീതിയിലാക്കി നാട്ടിൽ അശാന്തി പടർത്തുന്ന ഇക്കൂട്ടരെ ജനം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ അഡ്വ. ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ എച്ച് ബാബുജാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.