തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. ആര്‍എസ്എസിനുവേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് മടിയില്ലെന്ന് ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പറയുന്നു. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും അതിനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി പറയുന്നു.
വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ കൗശലക്കളി. ഗവർണറെപ്പോലെ ഒരാൾ ഇത്തരം നാടകം കളിച്ചാൽ ഇന്ത്യയിലാകെയുള്ള മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടും. പ്രതിഷേധിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘര്‍ഷം ഉണ്ടാക്കി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവര്‍ണറുടെ പൊറാട്ട് നാടകമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. നിയമസഭയെയും കേരള ജനതയെയും നിരന്തരം അപമാനിക്കുന്ന ഗവര്‍ണര്‍ ആരുടെ നിര്‍ദേശമനുസരിച്ചാണ് ഈ കോമാളിവേഷം കെട്ടുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവര്‍ണർ.
രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കപ്പെടുന്ന കേവല ഉദ്യോഗമാണ് ഗവര്‍ണര്‍ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നതെന്നും സിപിഎം മുഖപത്രം ഓർമിപ്പിക്കുന്നു.