നാഗ്പൂർ: ജാതി സെൻസസ് വിഷയത്തിൽ അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആർഎസ്എസ്. ജാതി സെൻസസിനെ എതിർക്കുമെന്നും ജാതി സെൻസസ് നടപ്പിലാക്കുന്നത് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്നും ആർഎസ്എസ്. മുതിർന്ന ആർഎസ്എസ് നേതാക്കളാണ് ജാതി സെൻസസിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
ജാതിയുടെ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകുകയുള്ളു എന്ന് ആർഎസ്എസ് നേതാക്കൾ പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും ബിജെപി, ശിവസേന എംഎൽഎമാർ എത്തിയപ്പോഴാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
ജാതി സെൻസസിൽ യാതൊരു വിധത്തിലുമുള്ള നേട്ടങ്ങൾ ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നും മുതിർന്ന ആർഎസ്എസ് പ്രചാരക് ശ്രീധർ ഗാഡ്ഗെ പറഞ്ഞു.