കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബേറ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ബോംബേറിൽ കാര്യാലയത്തിന്റെ മുൻവശത്തെ ഇരിപ്പിടത്തിന് കേടുപാടുകൾ സംഭവിച്ചു. കാര്യാലയത്തിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.
സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്ഐ നിഷിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ ഇന്ന് കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ഉൾപ്പെടെയുള്ള നേതാക്കൾ കാര്യാലയം സന്ദർശിച്ചു.