പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പ്രതികളെപ്പറ്റി സൂചന. നൂറോളം നിരീക്ഷണ കാമറ ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ടുലക്ഷത്തോളം ഫോണ്‍കോളുകളും പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് പോലീസിന് അക്രമികളെപ്പറ്റി സൂചന ലഭിച്ചത്.
പ്രത്യേക സ്ക്വാഡ്
ബോംബേറില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ പോലീസിന് ഉന്നത കേന്ദ്രത്തില്‍ നിന്നും കടുത്ത സമ്മര്‍ദങ്ങളുണ്ടായിരുന്നു.
ഇതേതുടര്‍ന്ന് പയ്യന്നൂര്‍ എസ്ഐ പി. വിജേഷിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.
രണ്ടു ബൈക്കുകൾ
സമീപവാസികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ് രാഷ്്ട്ര മന്ദിരത്തിന് സമീപത്തെ ഇരുപതോളം നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടു ബൈക്കുകള്‍ പോകുന്നത് കാണാനായെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ലായിരുന്നു.
ഇതേതുടര്‍ന്ന് പോലീസ് നഗരത്തിലേയും റെയില്‍വേ സ്റ്റേഷന് പരിസരത്തുമുള്ള നിരീക്ഷണ കാമറകളും പരിശോധനയ്ക്കു വിധേയമാക്കി.
ഈ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അക്രമികളെപ്പറ്റി ചില സൂചനകള്‍ പോലീസിന് ലഭിച്ചതെന്നാണറിയുന്നത്. ഈ മാസം 12ന് പുലര്‍ച്ചെ ഒന്നോടെയാണ് പയ്യന്നൂരിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയമായ രാഷ്്ട്ര മന്ദിരത്തിന് നേരെ ബോംബേറുണ്ടായത്.
ഇതേതുടര്‍ന്ന് ഓഫീസ് സെക്രട്ടറി ടി.പി. രഞ്ജിത്തിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.