സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കന്മാര് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നിര്‍ദേശം.
പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുക വഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.
ഗ്ലാമര്‍ മണ്ഡലം ലക്ഷ്യമിടണ്ട…
സ്വന്തം മണ്ഡലത്തിന് പുറത്തെ ഗ്ലാമര്‍ മണ്ഡലം ലക്ഷ്യമിട്ട് നേതാക്കള്‍ മത്സരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി പ്രാദേശികമായി ലഭിക്കാവുന്ന വോട്ടുകള്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണെന്നും അതിനാല്‍ മത്സരിക്കുന്ന നേതാക്കള്‍ പരമാവധി അവരുടെ പ്രദേശത്തോ നിയോജക മണ്ഡലത്തിലോ ജില്ലകളിലോ മത്സരിക്കുന്നതാണ് ഉചിതമെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
പൾസ് അറിയാൻ സർവേ
ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍ നിന്നും മറ്റും അഭിപ്രായ സര്‍വേ നടത്തിയിരുന്നു.
വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളിലായിരുന്നു ബെംഗളൂരുവിലുള്ള ഏജന്‍സി സര്‍വേ നടത്തിയത്. മണ്ഡലത്തില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ഥികള്‍, ജനപിന്തുണ, വിജയസാധ്യത എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് സര്‍വേയുടെ ഭാഗമായി ശേഖരിച്ചിരുന്നത്. ഈ സര്‍വേ റിപ്പോര്‍ട്ടിലാണ് പ്രാദേശികാടിസ്ഥാനത്തില്‍ നേതാക്കള്‍ മത്സരിച്ചാല്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്.
ആർഎസ്എസ് സജീവമായി രംഗത്ത്
വിജയസാധ്യതയുള്ള 40 മണ്ഡലങ്ങളിലും എബിവിപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച തുടങ്ങി വിവിധ മോര്ച്ചകളിലെ പ്രവര്‍ത്തകരോട് മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ആര്‍എസ്എസ് സജീവമായി രംഗത്തുണ്ട്. ഇതിന് പുറമേ മറ്റുള്ള 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ബിജെപിക്ക് ആര്‍എസ്എസിന്റെ പൂര്‍ണ സഹായമുണ്ടെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബൂത്തു തലം മുതല്‍ ആര്‍എസ്എസ് സജീവമായി രംഗത്തിറങ്ങാനാണ് തീരുമാനിച്ചത്.മണ്ഡലങ്ങളിലെ ജയപരാജയം നോക്കാതെ എന്‍ഡിഎയുടെ വോട്ട് ഇരട്ടിയാക്കാനാണു നിര്‍ദേശം. 30,000നു മുകളില്‍ വോട്ടുള്ള മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്റെ ചുമതലയിലുള്ളവരാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുക.