ബംഗളൂരു: കർണാടക കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ യോഗം കൂടിയതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. സർവകലാശാലയെ ആർഎസ്എസ് ശാഖയാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാർഗ പറഞ്ഞു.
കർണാടക കേന്ദ്ര സർവകലാശാലയിൽ ജൂലൈ 18നായിരുന്നു ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്.
പരിപാടിക്കിടെ സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആർഎസ്എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
എക്സിൽ പങ്കുച്ച കുറിപ്പിലൂടെയാണ് പ്രിയങ്കിന്റെ വിമർശനം. കല്യാണ കർണാടക മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വേണ്ടി മല്ലികാർജുൻ ഖാർഗെ സ്ഥാപിച്ചതാണ് കർണാടക കേന്ദ്ര സർവകലാശാല.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് പകരം സർവകലാശാല ഒരു ആർഎസ്എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്കിന്റെ വിമർശനം.