ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
കോവിഡിന്റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗംവരുമെന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു.
ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഡോക്ടമാർ നമ്മോട് പറയുന്നു, മൂന്നാം തരംഗം ഉണ്ടായേക്കാം. അതിനെ ഭയക്കേണ്ടതുണ്ടോ? കോവിഡിനെതിരെ പോരാടാനും വിജയിക്കാനുമുള്ള ശരിയായ മനോഭാവമുണ്ടോ? അദ്ദേഹം ചോദിച്ചു.
കോവിഡുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
ഇന്നത്തെ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കണമെന്ന് ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടു.
വിജയം അന്തിമമല്ല. പരാജയം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു.