ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി. സംഘങ്ങളിലെ പല കൊടുംക്രിമിനലുകളും പോലീസ് വലയിലായി.
ചെറുപ്പക്കാരായിരുന്നു ഈ സംഘത്തിലെ അംഗങ്ങളില്‍ ഏറെയും. ഇവരില്‍നിന്നു ലഹരികടത്ത്, പെണ്‍വാണിഭം, ക്വട്ടേഷന്‍ ആക്രമണം തുടങ്ങിയ രംഗങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണു പോലീസിനു ലഭിച്ചത്.
ഇവര്‍ ജയിലില്‍
മഞ്ചേശ്വരം കടമ്പാര്‍ അടുക്കത്തുഗുരി മിയാ പാദു അബ്ദുള്‍ റഹിം (23), അടുക്കത്ത് ഗുരി മുഹമ്മദ് അഷ്ഫാഖ് (25), മീഞ്ച വില്ലേജ് കുന്തഡ്ക്ക കാലെച്ചാപ്പു ഫയാസ് എന്ന കൂവ ഫയാസ് (30), മങ്ങള്പ്പാടി കൊട്ട ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (32),
മങ്ങള്പാടി ബെത്തെല അബ്ദുള്‍ ഷബീര്‍ എന്ന ഷെബി (35), മഞ്ചേശ്വരം മീത്ത നടുക്ക സജ്ജാഫ് എന്ന സജ്ജാദ് (35), മിയാ പാദു ബെജങ്കള മുഹമ്മദ് ഷാക്കിര്‍ (26), മീന്ഞ്ച മജ്ബയില്‍ എം.എം.ക്വാര്ട്ടേജില് ഇബ്രാഹിം മുറാസ് (21),
പുത്തിഗെ സീതാംഗോളി ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (32), കടമ്പാര്‍ മോര്‍ത്തന ഹൗസില്‍ മുഹമ്മദ് അസ്ക്കര്‍ (23), മഞ്ചേശ്വരം കുമ്പടാജെ മര്പ്പാക്ക ഹൗസില്‍ മുഹമ്മദ് ഷിഹാബ് (23),
മഞ്ചേശ്വരം നീര്ച്ചാല് സബിത മന്‍സിലില്‍ ബദറുദീന്‍ (32), കുമ്പള അരിക്കാടി പി.കെ നഗറില്‍ അബൂബക്കര്‍ ഷെഫീഖ് (28),
കയ്യാര്‍ അറ്റ ഗോലി ഹമീദ് എന്ന ഗുജിരി അമ്മി എന്ന അറ്റ ഗോളി അമ്മി (28) എന്നിവരാണ് കേരള കര്‍ണാടക പോലീസിന്റെ സംയുക്ത ഓപ്പറേഷനില്‍ ജയിലിലായത്.
നടുറോഡിലെ കൊല
ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യംചെയ്തു. വിലപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംഘത്തിനു ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. പ്രതികളെ ഓപ്പറേഷന് നടന്ന പ്രദേശങ്ങളില്‍ എല്ലാം കനത്ത കാവലില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
മംഗളൂരു ബി.സി റോഡില്‍ വച്ചാണ് കാലിയ റഫീഖ് എന്ന അധോലോക നേതാവ് കൊല്ലപ്പെട്ടത്.
കൊള്ളയും കൊലപാതകങ്ങളുംകൊണ്ട് ഒരു പതിറ്റാണ്ടിലേറെ കാലം മംഗളൂരു കാസര്‍ഗോഡ് മേഖലയെ വിറപ്പിച്ച ക്രിമിനില്‍ ജീവിതത്തിനാണ് അന്നു തിരശീല വീണത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കര്‍ണാടകയിലുമായി കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഗുണ്ടാ ആക്രമണം, സ്പിരിറ്റ് കടത്ത്, കവര്‍ച്ചാ തുടങ്ങി അന്‍പതോളം കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെടുമ്പോള്‍ കാലിയ.
ജീവന് നഷ്ടമായ യാത്ര
കാസര്‍ഗോഡുനിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലിയ റഫീഖ് എന്ന റഫീഖ് കൊല്ലപ്പെടുന്നത്.
കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തിയിലെ കുപ്രസിദ്ധനായ ഈ ഗുണ്ട തോക്കുകളും മറ്റ് ആയുധങ്ങളും വാങ്ങാന്‍ വേണ്ടിയായിരുന്നു മുംബൈയിലേക്കു പുറപ്പെട്ടതെന്നാണ് പോലീസ് കണ്ടെത്തിയത്.
മരണം തൊട്ടു പിന്നിലുണ്ടെന്ന തിരിച്ചറിവില്‍ തികഞ്ഞ ജാഗ്രതയോടെയാണ് റഫീഖ് ഒരോ ചുവടും മുന്‍പോട്ടു വച്ചിരുന്നത്. എന്നിട്ടും അയാള്‍ കൊല്ലപ്പെട്ടു.
(തുടരും).