കൊച്ചി: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ (ആര്‍ടി മിഷന്റെ) സംരംഭമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം കേരളത്തിനകത്ത് സഞ്ചരിച്ച ആഭ്യന്തര വനിതാ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
കഴിഞ്ഞ വര്‍ഷം 14,800 ആഭ്യന്തര വനിതാ സഞ്ചാരികളാണ് കേരളത്തിനകത്ത് സന്ദര്‍ശനം നടത്തിയത്. കൊല്ലങ്കോട്, മാമ്പുളം, മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, മറവന്തുരുത്ത്, കൊല്ലങ്കോട്, കടലുണ്ടി, അയ്മനം, പെരുമ്പളം, വലിയപറമ്പ, മലരിക്കല്‍ കുമരകം, ചെമ്പ്, പിണറായി, അഞ്ചരക്കണ്ടി, അഞ്ചുതെങ്ങ്, തിരുവാര്‍പ്പ്, മണ്‍റോതുരുത്ത്, ധര്‍മ്മടം തുടങ്ങി കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ ഗ്രാമീണ ഭംഗി ആസ്വദിച്ചു മടങ്ങിയവരാണ് ഈ വനിതാ സഞ്ചാരികള്‍. വിവിധ ടൂര്‍ പാക്കേജുകളുടെ ഭാഗമായി ഏകദേശം ആയിരത്തിലധികം വിദേശ വനിതകളും കേരളം കണ്ടുമടങ്ങി.
2022 ഒക്ടോബര്‍ 26നാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതിയില്‍ നിലവില്‍ സംസ്ഥാനത്തെ 3689 വനിതകളാണ് അംഗങ്ങളായിട്ടുള്ളത്.
വനിതാ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതവും ശുചിത്വവുമുള്ള സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. പദ്ധതിയില്‍ യാത്ര, ഭക്ഷണം, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകള്‍ തുടങ്ങി ഈ പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളായിരിക്കും. വനിതകളുടെ 28 പുതിയ ടൂര്‍ കമ്പനികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒന്നര ലക്ഷം വനിതകളുടെ ഒരു ട്രാവല്‍ നെറ്റ്വര്‍ക്കാണ് ഇതുവഴി രൂപീകൃതമാകുന്നത്. പതിനായിരം സ്ത്രീ സംരംഭങ്ങള്‍ ടൂറിസം മേഖലയില്‍ ഉണ്ടാകും. ഇതിലൂടെ 30,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധഘട്ടങ്ങളിലായി ഇതുവരെ 2,200 വനിതകള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും പരിശീലനം നല്കി.
കൂടുതല്‍ സ്ത്രീ സൗഹൃദ സഞ്ചാര പ്രദേശങ്ങളുടെ സര്‍വേ നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍ടി മിഷന്. സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലെ വനിതാ ടൂര്‍ സംരംഭകര്‍ പദ്ധതിയിലുണ്ട്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സൗഹൃദ ടൂറിസം മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കേരള ടൂറിസം വകുപ്പ്.
ടൂറിസം മേഖലയില്‍ സാധാരണക്കാരായ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ടി മിഷന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ പറഞ്ഞു. കേരളം സുരക്ഷിതമാണോയെന്ന ആശങ്കയുമായി എത്തുന്ന വനിതാ വിനോദസഞ്ചാരികള്‍ ഇവിടത്തെ പിങ്ക് പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കണ്ടറിഞ്ഞ് സംതൃപ്തരായാണ് മടങ്ങുന്നതെന്ന് ടൂര്‍ ഗൈഡായ രമ്യ മോഹന്‍ വ്യക്തമാക്കുന്നു.
സീമ മോഹന്‍ലാല്‍