ചാത്തന്നൂർ: മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി കണ്ടെത്താൻ എല്ലാ ഓഫീസുകളിലും കാമറ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേശ് കുമാർ. പുറത്തു നിന്നുള്ള വ്യക്തികൾ സെക്ഷനുകളിൽ കയറുകയോ ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പുറത്തു നിന്നുള്ള ഒരാൾ ഒരു ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ച വിവരം ലഭിച്ചിട്ടുണ്ട്. പാസ്വേഡ് നല്കിയ ഈ ഉദ്യോഗസ്ഥനെതിരെ കർശനനടപടി ഉണ്ടാകും. പുറത്തുള്ള നിന്നുള്ളവർ ഓഫീസ് കൈകാര്യം ചെയ്യാൻ അനുവദിക്കില്ല. ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഓരോ ഓഫീസിന്റെയും പ്രവർത്തനം നേരിട്ട് കാണത്തക്ക രീതിയിലായിരിക്കും കാമറകൾ സജ്ജമാക്കുന്നത്.
വാഹനം ഓടിക്കുന്ന സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ റോഡ് സേഫ്റ്റി അതോറിറ്റി ഇതിനുള്ള മെഷീൻ ഉടൻ വാങ്ങും. നിലവിൽ ഇത് പോലീസിന് ഉണ്ട്. മോട്ടോർ വാഹന വകുപ്പ് ഏത് ലഹരിയാണ് ഉപയോഗിച്ചത് എന്നുകൂടി കണ്ടെത്താൻ ശേഷിയുള്ള മെഷീനാണ് വാങ്ങുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് മന്ത്രി ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
ഗതാഗത നിയമലംഘനങ്ങൾ വ്യക്തികൾക്ക് വീഡിയോ എടുത്ത് മോട്ടോർ വാഹന വകുപ്പിന് അയച്ചു കൊടുക്കാൻ ഉടൻ സൗകര്യമൊരുക്കും. ഇതിനായി പ്രത്യേക സംവിധാനവും ആപ്പും സജ്ജമാക്കും. ഏജന്റുമാരെ ആർ ടി ഓഫീസുകളിൽ നിന്നും ഒഴിവാക്കും. വ്യക്തികൾക്ക് നേരിട്ട് കാര്യങ്ങൾ നടത്താനും ഓഫീസ് പ്രവർത്തനം സുതാര്യമാക്കാനുമാണ് ലക്ഷ്യം. ഗതാഗത നിയമങ്ങൾ കർശനമാക്കുകയും ഉന്നതമായ ഡ്രൈവിംഗ് സംസ്കാരം ശീലിക്കാനും പ്രേരിപ്പിക്കുകയുമാണ് സർക്കാർ നയം.
പ്രദീപ് ചാത്തന്നൂർ