മൈസൂരു: മൈസൂരു നഗരത്തിലെ ചാമുണ്ഡി ഹില്ലിൽ ആൺസുഹൃത്തിനൊപ്പം വിനോദ സഞ്ചാരിയായി എത്തിയ കോളജ് വിദ്യാർഥിനിയെ ആറംഗസംഘം മാനഭംഗപ്പെടുത്തി.
നഗരത്തിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിനിരയായത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കോളജിൽ ക്ലാസിനുശേഷം സഹപാഠിയായ ആൺസുഹൃത്തിനൊപ്പം ബൈക്കിലെത്തി ചാമുണ്ഡി ഹില്ലിലെ ആളൊഴിഞ്ഞ പ്രദേശമായ ലളിലാദ്രിപുരയിലെ പാറപ്പുറത്ത് ഇരിക്കുന്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് അതിക്രമം നടത്തിയത്.
ഇരുവരെയും സമീപിച്ച യുവാക്കൾ പണം ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ ആദ്യം വിദ്യാർഥിയെ കല്ലുകൊണ്ടിടിച്ചു വീഴ്ത്തിയശേഷം വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബോധം വീണ്ടുകിട്ടിയ ഇരുവരും പുലർച്ചെ 1.30 ഓടെ റോഡരികിലേക്ക് നടന്നെത്തുകയും വാഹനം കൈകാട്ടി നിർത്തിച്ച് ഒരു യാത്രക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തുകയുമായിരുന്നു.
വിദ്യാർഥിനിയുടെ അവസ്ഥയിൽ പന്തികേട് തോന്നിയ ആശുപത്രി അധികൃതരാണ് രാവിലെ വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് പോലീസ് ആശുപത്രിയിലെത്തി ആൺവിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി.
വിദ്യാർഥിനിക്ക് സംസാരിക്കാനാകില്ലെന്നും പൂർണ ആരോഗ്യം വീണ്ടുകിട്ടിയാൽ മാത്രമേ മൊഴി രേഖപ്പെടുത്താനാകൂവെന്നും പോലീസ് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കി പ്രതികളെ പിടികൂടാൻ ഡിജിപിക്ക് നിർദേശം നൽകിയതായി ഡൽഹിയിലുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
സംഭവസ്ഥലം സിറ്റി പോലീസ് കമ്മീഷണർ ഡോ.ചന്ദ്രഗുപ്ത സന്ദർശിച്ചു.
പ്രതികളെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് വ്യാപക തെരച്ചിൽ നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.