കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്ന വ്യാജ റിക്രൂട്ടിംഗ് സ്ഥാപന നടത്തിപ്പുകാര്‍ അറസ്റ്റില്‍.
കോട്ടയം കറുകച്ചാല്‍ കൂത്രപ്പള്ളി അഞ്ചാനിയില്‍ സുമിത് നായര്‍(38), കണ്ണൂര്‍ പള്ളിക്കുന്ന് ചെട്ടിപ്പീടിക സുരഭിയിൽ ദിവിഷിത്ത്(27), മങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കു സമീപം പച്ചവീട്ടില്‍ ശ്രീരാഗ്(26), ഇടപ്പള്ളി ടോള്‍ നുറുക്കിലയില് റഫീന(33) എന്നിവരെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സക്സസ് ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് ഹബ്ബ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്സിലൂടെ പരസ്യം ചെയ്തായിരുന്നു ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്.
മലേഷ്യ, ദുബായ്, ഇസ്രായേല്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം വിസിറ്റിംഗ് വിസയില്‍ ആളുകളെ കൊണ്ടുപോകുന്ന ഇവർ ജോലിയും ശമ്പളവും വര്‍ക്ക് പെര്‍മിറ്റും നാൽകാതെയും പാസ്പോര്‍ട്ട് അനധികൃതമായി തടഞ്ഞുവച്ചുമാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
നിലവില്‍ ഏഴോളം പേര് പാസ്പോര്‍ട്ടും വര്‍ക്ക് വിസയും ഇല്ലാത്തതിനാല്‍ മലേഷ്യയില്‍ ഒളിവില്‍ കഴിയുകയാണ്. ഇവരെ ഉടന്‍ നാട്ടില്‍ തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ചാര്‍ജ് അനന്തലാല്‍ അറിയിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ, ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി, അസി. കമ്മീഷണര്‍ ജിജിമോന് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
സംഭവത്തില്‍ തുടരന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.