സ്വന്തം ലേഖകൻ
പാലക്കാട്: വാളയാറിലെ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
പരാതിയെ തുടർന്നു വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഇന്നലെ രാത്രിയായിരുന്നു വിജിലൻസിന്റെ പരിശോധന. ചെക്പോസ്റ്റിൽനിന്നു 7200 രൂപ കണ്ടെടുത്തു.
ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നു മോട്ടോർ വാഹന വകുപ്പ് കൈക്കൂലിയായി വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് സംഘം വേഷംമാറിയെത്തി ചെക്ക്പോസ്റ്റിൽ ശബരിമല തീർഥാടകരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പരിശോധന നടത്തിയത്.
വിജിലൻസ് സംഘത്തെ കണ്ട ഉടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വേഗം തന്നെ പണം തിരിച്ചുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിടികൂടിയ 7200 രൂപയിൽ 6000ലധികം രൂപ തന്റെ പണമാണെന്ന് ചെക്ക്പോസ്റ്റിന്റെ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് ഉദ്യോഗസ്ഥരോടു വാദിച്ചെങ്കിലും അത് കള്ളമാണെന്ന് വിജിലൻസിന് മനസിലായി.
നൂറു രൂപ മുതൽ അഞ്ഞൂറു രൂപവരെയാണത്രെ തീർത്ഥാടകരുടെ വാഹനങ്ങളിൽ നിന്ന് പിരിവായി വാങ്ങുന്നത്. ചെക്കിംഗ് വേഗം അവസാനിപ്പിക്കാൻ ചോദിച്ച പൈസ കൊടുത്ത് കടന്നുപോവുകയാണ് ഡ്രൈവർമാർ.
പൈസ കൊടുക്കാൻ മടിക്കുന്നവരെ ഏറെ നേരം ചെക്കിംഗ് എന്ന പേരിൽ ചെക്ക്പോസ്റ്റിൽ പിടിച്ചിടുന്നതായും പരാതിയുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നൽകുന്നത്.