തലശേരി: എഡിജിപി റാങ്കിലുള്ള അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ കണ്ണൂരിലെ മോട്ടോർ വാഹന ഏജന്റിനു വേണ്ടി നടത്തിയ വൃത്തികെട്ടകളികളാണ് 17 വർഷം മുന്പ് കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന കെ. എം പുരുഷോത്തമൻ ഓഫീസിനുള്ളിലെ ഫാനിൽ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പിൽ നിന്നു വിരമിച്ച ഉന്നത ഉദ്യാഗസ്ഥന്റെ വെളിപ്പെടുത്തൽ.
എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു സമാനമായ സാഹചര്യത്തിൽ 17 വർഷം മുമ്പ് കണ്ണൂരിൽ ആർടിഒ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് രാഷ്ട്രദീപിക ഇന്നലെ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെളിപ്പെടുത്തൽ ഇങ്ങനെ
“അന്ന് ഞാൻ ജോയിന്റ് ആർടിഒ ആയിരുന്നു. തിരുവനന്തപുരത്തുനിന്ന് ഐപിഎസുകാരനായ കമ്മീഷണർ കണ്ണൂരിലെത്തി. ആർടിഒ പുരുഷോത്തമന്റെ ഓഫീസിലെത്തിയ കമ്മീഷണർ ചില ഫയലുകൾ പരിശോധിച്ചു. നികുതി കുടിശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണു പരിശോധിച്ചത്. പരിശോധിച്ച ഫയലുകളെല്ലാം കൃത്യമായിരുന്നു. എന്നാൽ, കമ്മീഷണർ ഫയലുകളിലെ നോട്ടുകൾ പലതും തെറ്റാണെന്ന് വാദിച്ചു.
തൊട്ടടുത്തിരുന്ന ഞാൻ ഫയലുകളിലെ ശരികൾ ചൂണ്ടിക്കാണിച്ചപ്പോൾ താൻ ഐപിഎസുകാരനാണെന്നും എന്നെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീടു ഞാൻ പ്രതികരിച്ചില്ല… പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കമ്മീഷണർ വിവാദ ഏജന്റ് ഒരുക്കിയ കാറിൽ ഗസ്റ്റ് ഹൗസിലേക്കും തുടർന്ന് പറശിനിക്കടവിലേക്കും പോയി. തിരുവനന്തപുരത്ത് തിരിച്ചെത്തിയ കമ്മീഷണർ പുരുഷോത്തമനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി.
കാൻസർ രോഗിയായ പുരുഷോത്തമൻ ആ സമയത്ത് മലമൂത്ര വിസർജനം നടത്തിയിരുന്നത് ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ബാഗിലായിരുന്നു. ഈ ബാഗ് ഇടയ്ക്കിടെ വൃത്തിയാക്കണം. അതു കൊണ്ട് ട്രെയിൻ സൗകര്യമുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി തരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
എന്നാൽ, കമ്മീഷണർ ഇത് ചെവിക്കൊണ്ടില്ല, എന്നു മാത്രമല്ല പുരുഷോത്തമന് വേണ്ടി ശിപാർശ ചെയ്ത നേതാക്കളോട് പുരുഷോത്തമനെക്കുറിച്ച് വളരെ മോശമായി പറയുകയും ചെയ്തു. മന്ത്രിയേയും ഈ ഉദ്യാഗസ്ഥൻ തെറ്റിദ്ധരിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി നല്ല അടുപ്പമുണ്ടായിരുന്ന ആർടിഒ യെ അവരുടെ എല്ലാം മുന്നിൽ വളരെ മോശക്കാരനായി ചിത്രീകരിക്കാൻ ആസൂത്രിത നീക്കമാണു നടന്നത്.
വിവാദ ഏജന്റ് പറഞ്ഞ വഴിവിട്ട കാര്യങ്ങൾ ചെയ്യാതിരുന്നതിനാലാണ് പുരുഷോത്തമനെ ഏജന്റ് നിരന്തരം ഉപദ്രവിച്ചത്. ഇതിന് ഉന്നത ഉദ്യാഗസ്ഥരും കൂട്ട് നിൽക്കുകയായിരുന്നു’- വിരമിച്ച ഉന്നതൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 2007 ജൂൺ മൂന്നിനായിരുന്നു അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമൻ തന്റെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ചത്. പയ്യന്നൂർ പിലാത്തറ സ്വദേശിയായിരുന്നു. എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് സംബന്ധിച്ച വിവാദം കത്തിക്കയറുമ്പോൾ സമാനമായ മറ്റൊരു മരണവും ഇപ്പോൾ ചർച്ചയാകുകയാണ്.
നവാസ് മേത്തർ