ശ്രീകണ്ഠപുരം: വ്യാജ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമിച്ച് വിൽപന നടത്തിയതിന് ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയായ ട്രാവൽസ് ഉടമക്കെതിരേ കേസ്. പെരുവളത്ത്പറമ്പ് കുളിഞ്ഞ റോഡിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അസീറിനെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.
സംഭവത്തിനു ശേഷം ഇയാൾ മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ പ്രധാനമായും സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ ലാബായ ഡിഡിആർസി യുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയത്. ലാബിന്റെ പിഡിഎഫ് ഫയൽ എഡിറ്റ് ചെയ്താണ് സർട്ടിഫിക്കറ്റുകൾ നിർമിച്ചത്. സാംപിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ യാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
പിന്നിൽ വൻ മാഫിയ
ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളിൽ യാത്ര ചെയ്യാനെത്തുന്നവർക്കാണ് കൂടുതൽ സർട്ടിഫിക്കറ്റുകൾ നൽകിയത്. അത്യാവശ്യ യാത്രകൾക്ക് ടിക്കറ്റെടുക്കാനെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ മണിക്കൂറുകൾക്കുളളിൽ ഇയാൾ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകും.
ആധാർ കാർഡിന്റെ കോപ്പിയും 250 രൂപയുമാണ് ഈടാക്കിയിരുന്നത്. നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഗൂഗിൾപേ വഴി പണം കൈമാറിയാൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് വാട്സാപ്പിൽ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.
കണ്ണൂർ ജില്ലയിലെ ചില ട്രാവൽസ് നടത്തിപ്പുകാർ ഇയാളുമായി ബന്ധപ്പെട്ടിരുന്നതായും ഇവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയതായും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ വൻ മാഫിയ പ്രവർത്തിച്ചിരുന്നതായാണ് പോലീസ് നൽകുന്ന സൂചന.
നേരത്തെ പെരുവളത്ത്പറമ്പ് പെട്രോൾപമ്പിന് സമീപം സ്ഥാപനം നടത്തിയിരുന്ന ഇയാൾ അടുത്തകാലത്തായി ഓഫീസ് വീട്ടിലേക്ക് മാറ്റുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായുള്ള വിവരം ചില യാത്രക്കാർ തന്നെ പുറത്തുവിട്ടതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു.
ഡിഡിആർസി മാനേജരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി ഇരിക്കൂർ എസ്ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇയാളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.