കോന്നി: കോവിഡ് പരിശോധനയ്ക്കെത്തിയ പതിനേഴുകാരന്റെ മൂക്കില്‍ പരിശോധന സ്റ്റിക്കിന്റെ അഗ്രം ഒടിഞ്ഞു കയറി. കോന്നി മങ്ങാരം കല്ലുവിളയില്‍ മനോജിന്റെ മകന് ജിഷ്ണു മനോജിന്റെ നാസാദ്വാരത്തിലാണ് സ്റ്റിക്ക് ഒടിഞ്ഞു കയറിയത്.
മാതാവ് കോവിഡ് ബാധിതയായതിനേ തുടര്‍ന്ന് ജിഷ്ണു കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ 14നാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
പരിശോധനയക്കു ശേഷം വിട്ടില്‍ മടങ്ങിയെത്തിയ ജിഷ്ണുവിനു ശക്തമായ തലവേദനയും തുമ്മലും ആരംഭിച്ചെങ്കിലും കോവിഡിന്റെ ലക്ഷണമാണെന്നാണ് കുടുംബം കരുതിയത്.
തുമ്മലും തലവേദനയും മാറാതേ വന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ഫലം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തുമ്മല്‍ കുറഞ്ഞില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം ശക്തമായ തുമ്മലില്‍ കൂടുതല്‍ സ്രവം പുറത്ത് വന്നപ്പോഴാണ് ജിഷ്ണു സ്റ്റിക്കിന്റെ അഗ്രം കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച് കുടുംബം ജില്ലാകളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
കോന്നി: കോവിഡ് പരിശോധനയ്ക്കിടെ രോഗിയുടെ നാസദ്വാരത്തില്‍ നിന്നും സ്റ്റിക്കിന്റെ അഗ്രം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ.അജയ് ഏബ്രഹാം പറഞ്ഞു.
പരിശോധനയ്ക്ക് എത്തിയ കൂട്ടി തല വെട്ടിച്ചപ്പോള്‍ സ്റ്റിക്ക് ഒടിഞ്ഞതാകാം. എന്തെങ്കിലും അസ്വസ്ഥത ഉണ്ടോയെന്ന് ഡ്യൂട്ടി ഡോക്ടര്‍ അന്വേഷിച്ചശേഷമാണ് വീണ്ടും സ്രവം ശേഖരിച്ചത്. മൂക്കില്‍ തടസമില്ലെന്നും ഒടിഞ്ഞ അഗ്രം പുറത്ത് പോയതായും ജിഷ്ണു പറഞ്ഞിരുന്നുവെന്നും ആര്‍എംഒ ചൂണ്ടിക്കാട്ടി.