അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് 19 പരിശോധനക്കുള്ള ആർടിപിസിആർ പരിശോധനക്ക് ഐസിഎംആർ ന്റെ അംഗീകാരം ലഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു.
തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളജാണ് ഈ സംവിധാനത്തിന്റെ നിയന്ത്രണ ഉപദേശകസമിതി. വണ്ടാനത്തെ സംവിധാനങ്ങൾ ഈ ഉന്നത സമിതി വിലയിരുത്തിയതിനെ തുടർന്നാണ് ഐസിഎംആർ അംഗീകാരത്തിന് ശിപാർശ ചെയ്തത്.
നിലവിൽ വണ്ടാനത്തു പ്രവർത്തിക്കുന്ന ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധോപദേശത്തിൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്.
സംവിധാനം പൂർണതോതിൽ സജ്ജമാകുന്പോൾ നിത്യേന നൂറു മുതൽ 200 സാന്പിളുകൾ വരെ പരിശോധിക്കാനാകും.
പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാനുമാകും. 15 ലക്ഷം രൂപയാണ് സംവിധാനങ്ങൾക്കായി ചെലവഴിച്ചത്. ദേശീയ ആരോഗ്യ ദൗത്യം വഴി മതിയായ ജീവനക്കാരേയും ലഭ്യമാക്കിയ ലാബ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വിജയലക്ഷമി, മൈക്രോ ബയോളജി പ്രഫ. ഡോ. ശോഭകർത്ത, അസോസിയേറ്റ് പ്രഫ. ഡോ. അനിത മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുകയെന്നും ഡോ. രാംലാൽ അറിയിച്ചു.