കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടക്കയാത്രയ്ക്കായി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഒരു മലയാളി അപ്രതീക്ഷിത അതിഥിയായി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പ്രസംഗത്തിൽ മലയാളികളുടെ സത്യസന്ധതയ്ക്ക് ഉദാഹരണമായി ഇന്ത്യയുടെ പ്രഥമപൗരൻ പരാമർശിച്ച എടത്വ സ്വദേശി വലിയപറന്പിൽ റൂബൻ ജോർജായിരുന്നു അതിഥി.
കാണ്‍പുരിലെ കല്യാണ്‍പുരിൽ രാം നാഥ് കോവിന്ദിന്റെ വസതിയിൽ വാടകക്കാരനാണു മാനേജ്മെന്റ് കണ്‍സൾട്ടന്റായ റൂബൻ. രാഷ്ട്രപതിയുടെ പരാമർശത്തിനു പാത്രമായതിന്റെയും ആകസ്മികമായി ലഭിച്ച കൂടിക്കാഴ്ചയുടെയും ത്രില്ലിലാണ് ഇദ്ദേഹം. ഔദ്യോഗിക കാര്യങ്ങൾക്കായി കഴിഞ്ഞ മേയ് മുതൽ കേരളത്തിലുള്ള റൂബൻ ജോർജ് രാഷ്ട്രപതി കേരളത്തിലെത്തിയത് അറിഞ്ഞപ്പോൾ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയായിരുന്നു.
രാഷ്ട്രപതി പരാമർശിച്ച ജോർജ്, ഇദ്ദേഹമാണെന്നു മനസിലാക്കിയ അധികൃതർ വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. എടത്വ സ്വദേശിയാണെ ങ്കിലും റൂബൻ ജോർജ് ജനിച്ചതും വളർന്നതും കാണ്‍പുരിലാണ്. അവിടെ ജോലി ചെയ്തിരുന്ന മാതാപിതാക്കൾ വിരമിച്ചശേഷം നാട്ടിലേക്കു മടങ്ങിയെങ്കിലും റൂബൻ കാണ്‍പുരിൽ തുടർന്നു.
രണ്ടുവർഷം മുന്‍പാണ് രാം നാഥ് കോവിന്ദിനെ അവസാനമായി കണ്ടത്. രാം നാഥ് കോവിന്ദ് ബീഹാർ ഗവർണറായി സ്ഥാനമേൽക്കുന്നതിനു മുൻപ് ഇടയ്ക്ക് കാണ്പുരിലെത്തുന്പോൾ ഇരുവരും കാണാറുണ്ടായിരുന്നു. രാഷ്ട്രപതിയുമായി കേരളത്തിൽ നടത്തിയ കൂടിക്കാഴ്ച അവിസ്മരണീയമാണെന്നും തന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾക്കു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്നൊരുക്കിയ പൗരസ്വീകരണത്തിനിടെ മലയാളികളുടെ നന്മയേയും സേവനമനോഭാവത്തേയും വാഴ്ത്തുന്നതിനിടയിലാണ് റൂബനെക്കുറിച്ചു രാഷ്ട്രപതി പരാമർശിച്ചത്. ഞാൻ കാണ്‍പുരിൽനിന്നു പോയശേഷം പത്തു വർഷമായി എന്റെ വീട്ടിൽ താമസിക്കുന്നത് ജോർജ് എന്ന സത്യസന്ധനായ മലയാളിയാണെന്നായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.