വടക്കഞ്ചേരി: റബർതൈകളെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ തോട്ടങ്ങളിൽ വേയ്സ്റ്റ് വാട്ടർബോട്ടിലുകൾ ഉപയോഗിച്ചുള്ള നനപ്രയോഗം. റബർതൈയ്ക്കു സമീപം കുഴിയുണ്ടാക്കി അതിൽ ചകിരി അടുക്കി നിറയ്ക്കും. പിന്നീട് മണ്ണിട്ടു മൂടും. ഇതിനുമുകളിൽ വേയ്സറ്റ് വാട്ടർ ബോട്ടിൽ തലകീഴായി നിർത്തിയാണ് തൈയുടെ വേരുകളിലേക്ക് എത്തുംവിധം നന നടത്തുന്നത്.
തലകീഴായി സ്ഥാപിക്കുന്ന കുപ്പിയുടെ അടിഭാഗം ആദ്യം മുറിച്ചുമാറ്റിയാണ് കുഴിച്ചിടുന്നത്. ഇതിൽ രണ്ടോ മൂന്നോദിവസം കഴിയുമ്പോൾ വെള്ളം നിറയ്ക്കും. ഈ വെള്ളം തുള്ളിയായി കുപ്പിയുടെ അടപ്പിലുണ്ടാക്കുന്ന ചെറിയ ദ്വാരത്തിലൂടെ ചകിരിയിലെത്തി അതുവഴി ചെടിയുടെ വേരിലും ഏതുസമയവും ഈർപ്പമുണ്ടാകുകയും ചെയ്യും.
കരിപ്പാലിയിൽ കോട്ടൂർ ജോസിന്റെ വീടിനു പിറകിലെ തോട്ടത്തിലാണ് ഇത്തരത്തിൽ റബർതൈകളെ കഠിനവേനലിൽനിന്നും രക്ഷിച്ചെടുക്കുന്നത്. ജലനഷ്ടം കുറയ്ക്കുന്നതിനൊപ്പം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുപ്പിയിൽ വെള്ളം നിറച്ചുവച്ചാൽ മതിയെന്നതും ഇതിന്റെ മേന്മകളാണെന്ന് ജോസ് പറഞ്ഞു.
അടിയിൽ ചകിരിയുള്ളതിനാൽ ഏതുസമയവും ഈർപ്പം നിലനില്ക്കും. തൈയുടെ കടയ്ക്കൽ മാത്രം വെള്ളം ഒഴിച്ചാൽ ഏതാനും മണിക്കൂർകൊണ്ട് അത് ഉണങ്ങി വേരിൽ എത്താതെ പോകും. എന്നാൽ കുപ്പിപ്രയോഗം ഏറെ ഗുണകരമാണെന്നാണ് പറയുന്നത്.