കോട്ടയം: വ്യവസായികളുടെ റബർ ഇറക്കുമതി ഇക്കൊല്ലം റിക്കാർഡിലെത്തും. ആറു ലക്ഷം ടണ്ണായിരിക്കും ഇക്കൊല്ലത്തെ ഇറക്കുമതി. അതേസമയം, ഉത്പാദനം അഞ്ചു ലക്ഷം ടണ്ണിൽ കൂടുകയുമില്ല. അഞ്ചു ലക്ഷം എന്ന കണക്ക് റബർ ബോർഡ് പെരുപ്പിച്ചു കാണിക്കുന്നതാണെന്നും യഥാർഥ ഉത്പാദനം നാലര ലക്ഷം ടണ്ണിൽ കൂടില്ലെന്നുമാണു വ്യാപാരികൾ പറയുന്നത്.
2015-16ൽ 4.58 ലക്ഷം ടണ്ണും 2016-17ൽ 4.26 ലക്ഷം ടണ്ണും 17-18ൽ 4.69 ലക്ഷം ടണ്ണുമായിരുന്നു റബർ ഇറക്കുമതി. മേയ് വരെ ആവശ്യമുള്ള റബർ പ്രമുഖ ടയർ കന്പനികൾ ഇറക്കുമതി ചെയ്തു സ്റ്റോക്കുചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വില 100 രൂപയായിരുന്നപ്പോൾ ഏർപ്പെട്ട വിദേശ കരാറനുസരിച്ചുള്ള ചരക്കാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.
മഴ മാറിയതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്പാദനം ഏറെ വർധിച്ചതിനാൽ ആഭ്യന്തരവില കൂടിയാൽ ടയർ കന്പനികൾ ചരക്ക് വാങ്ങാതെ മാർക്കറ്റ് വിട്ടുനിൽക്കുമെന്നാണ് റബർ ബോർഡ് പറയുന്നത്. നികുതിരഹിത ക്വാട്ടയിലും ടയർ കന്പനികൾ നിലവിൽ വലിയ തോതിലുള്ള ഇറക്കുമതി നടത്തുന്നുണ്ട്.
100 കിലോ റബർ ഇറക്കുമതി ചെയ്യുന്നതിനു പകരം രണ്ടു ടയർ കയറ്റുമതി ചെയ്യുക എന്ന 1971ലെ കരാർ മാനദണ്ഡത്തിലാണ് ഇപ്പോഴും നികുതിരഹിത മാനദണ്ഡത്തിലെ ഇറക്കുമതി. ഒരു ടയറിൽ 35 ശതമാനം പ്രകൃതിദത്ത റബർ ഉപയോഗിക്കുന്നു എന്നതായിരുന്നു പഴയ മാനദണ്ഡം.
കൃത്രിമ റബർ ചേരുവയും സാങ്കേതിത മികവും വന്നതോടെ 20 ശതമാനത്തിൽ താഴെയാണ് നിലവിൽ പ്രകൃതി ദത്ത റബറിന്റെ ചേരുവ. അതിനാൽ 1971ലെ പഴയ മാനദണ്ഡം മാറ്റിയെഴുതാൻ കേന്ദ്രം വൈകുന്നതാണ് ഒരു പരിമിതിയെന്ന് റബർ ബോർഡ് പറയുന്നു. നിലവിൽ 100 കിലോ റബർ നാലോ അഞ്ചോ ടയറിൽ കന്പനികൾ ഉപയോഗിക്കുന്നു. അതിനാൽ നികുതിരഹിത ഇറക്കുമതി ടയർ കന്പനികൾക്ക് നിലവിൽ വൻ നേട്ടമായിരിക്കുന്നു.
ഉത്പാദനം ഏറ്റവും കൂടിവരുന്ന നവംബർ- ജനുവരി മാസങ്ങളിൽ മുൻ വർഷങ്ങളിലും വൻതോതിൽ ഇറക്കുമതി നടത്തി ആഭ്യന്തര വിപണിയിൽനിന്നു ചരക്ക് വാങ്ങാതിരിക്കുന്ന തന്ത്രം എല്ലാ വർഷവും തുടരുന്നുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 70,000 ടണ്വരെ വ്യവസായികൾ ഇറക്കുമതി നടത്തിയിരുന്നു. ഈ മാസങ്ങളിൽ കയറ്റുമതി നടന്നതേയില്ല. അഭ്യന്തര വിപണിയിൽനിന്ന് ചരക്ക് വാങ്ങാതെ പ്രമുഖ ടയർ കന്പനികൾ മാറി നിൽക്കുകയും ചെയ്തു.
അതേസമയം, റബർ വിലസ്ഥിരതാ പദ്ധതി സംസ്ഥാനത്തു തുടരുന്നതിനാൽ ഒരു കിലോ റബറിന് 140 രൂപയുള്ളതിനാൽ കർഷകർക്ക് നഷ്ടമില്ലല്ലോ എന്നതാണ് അടുത്തയിടെ റബർ ബോർഡ് വിളിച്ചുകൂട്ടിയ യോഗത്തിൽ ടയർ കന്പനികൾ വാദിച്ചത്. സബ്സിഡി വൈകുന്നതും രണ്ടു ഹെക്ടറിനു മാത്രമായി പരിമിതപ്പെടുത്തിയതും കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഹെക്ടറിൽനിന്ന് ഒരു വർഷം പരമാവധി 1800 കിലോ റബറിനു മാത്രമേ സബ്സിഡി ലഭിക്കുകയുള്ളു.
റബറിനു ക്ഷാമമുള്ളതിനാലാണ് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നതെന്നും ടയർകന്പനികൾക്കുവേണ്ടി ആത്മ വിശദീകരിച്ചു. സ്വാഭാവികമായി അപ്പോൾ വില ഉയരേണ്ടതല്ലേ എന്ന വ്യാപാരികളുടെ ചോദ്യത്തിന് ഉത്തരമുണ്ടായതുമില്ല. നിലവിൽ ഒരു റബറിന്റെ ഉത്പാദനച്ചെലവ് 175 രൂപയാണെന്ന് റബർ ബോർഡ് ശരിവയ്ക്കുന്നു. ടാപ്പിംഗ് കൂലിക്കാരെ ഒഴിവാക്കി കർഷകർ നേരിട്ടു ചെയ്ത് ഉത്പാദനച്ചെലവ് കുറയ്ക്കാനാണു റബർ ബോർഡിന്റെ നിർദേശം.
റബർ ആഭ്യന്തര ഉത്പാദനം നവംബർ മുതൽ വർധിച്ചതിനാലാണ് അന്താരാഷ്ട്രവില 120 രൂപയ്ക്കു മുകളിലെത്തിയിട്ടും ആഭ്യന്തര വില ഉയരാത്തതെന്നു റബർ ബോർഡ് വിശദീകരിക്കു ന്നു. അതേസമയം, ജൂണ് മുതൽ ഒക്ടോബർവരെ സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഉത്പാദനം കുറഞ്ഞിട്ടും ആഭ്യന്തരവില എന്തുകൊണ്ട് ആ മാസങ്ങളിൽ ഉയർന്നില്ലെന്ന ചോദ്യത്തിനു ബോർഡിനും ടയർ ഉത്പാദക സംഘടനയായ ആത്മയ്ക്കും ഉത്തരമില്ല. വിദേശമാർക്കറ്റിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ റബർ കിലോയ്ക്ക് 17 രൂപ വർധിച്ച അതേതോതിൽ ആഭ്യന്തര വില കൂടിയിരുന്നെങ്കിൽ ഇവിടെ വില 140 രൂപ കിട്ടേണ്ടതാണ്.
ആർഎസ്എസ് നാല്, അഞ്ച് ഗ്രേഡുകൾ തമ്മിൽ പരമാവധി രണ്ടു രൂപയുടെ വ്യത്യാസമേ മുൻകാലങ്ങളിൽ ഉണ്ടായിരുന്നുള്ളു. തരംതിരിക്കാത്ത റബറിന് 115 രൂപ മാത്രമാണ് ഈയിടെയായി കർഷകർക്കു ലഭിക്കുന്നത്.
റെജി ജോസഫ്