ജോൺസൺ വേങ്ങത്തടം
കോട്ടയം: റബർവിലയിടിവു മൂലം നട്ടം തിരിയുന്ന കർഷകർക്കു ഇരുട്ടടിയായി റബർത്തടി വിലയിടിവ്. ീർക്കറ്റിൽ റബർത്തടിക്കു ഉയർന്നവിലയുണ്ടെങ്കിലും ഇടനിലക്കാരും കച്ചവടക്കാരും തൊഴിലാളികളും നോക്കുകൂലിക്കാരും എടുത്തതിനുശേഷം മിച്ചം വരുന്ന തുകയാണു കർഷകരുടെ കൈയിലേക്കു വരുന്നത്.
തടിവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ഒരു ടൺ റബർത്തടിക്കു 8,000-8,500 രൂപ വരെ ലഭിക്കുമ്പോൾ റബർത്തടി വില്ക്കുന്ന കർഷകർക്കു ലഭിക്കുന്നതു 3,800-4,000 രൂപയാണ്.
റബർത്തടിക്കു മാർക്കറ്റിൽ വില ഉയർന്നുനില്ക്കുമ്പോൾത്തന്നെ മുറിക്കൽക്കൂലി, ലോറിവാടക, നോക്കുകൂലി, ഇടനിലക്കാരുടെ കമ്മീഷൻ ഉൾപ്പെടെ മുന്നിൽ കണ്ടാണ് കച്ചവടക്കാർ റബർത്തടിക്കു വില പറയുന്നത്.
ഒരു ദിവസം 300-350 ലോഡുകളാണ് പെരുമ്പാവൂരിൽ എത്തുന്നത്. ഇവിടെയുള്ള വൻകിട ഇടനിലക്കാരുടെ തീരുമാനമനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്.
30-35 വർഷക്കാലം റബറിനെ പരിപാലിച്ചു വളർത്തിയ കർഷകർക്ക് അധ്വാനിച്ചതിന്റെ ഫലം പോലും ലഭിക്കാത്ത സ്ഥിതിയാണ്.
റബർത്തടി വെട്ടി ലോറിയിലാക്കുന്നതുവരെ യന്ത്രവത്കരണം ഉണ്ടായിട്ടും ചില മേഖലകളിൽ തൊഴിലാളിയൂണിയനുകൾ നോക്കുകൂലി വാങ്ങുന്നതും ഇടനിലക്കാരുടെ അമിത ഇടപെടലും തിരിച്ചടിയാകുന്നതു കർഷകർക്കാണ്.
20 ഇഞ്ച് മുതൽ വണ്ണമുള്ള തടികൾക്കു മാത്രമേ മാർക്കറ്റിലെ മുന്തിയ വില ലഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം എട്ടുലക്ഷം രൂപ വില വരുന്ന റബർത്തടികൾ വില്പന നടത്തിയ പാലായിലെ ഒരു കർഷകനു ലഭിച്ചതു മൂന്നര ലക്ഷം രൂപയിൽ താഴെയാണ്.
കർഷകരെ മറയാക്കി വൈകുന്നേരങ്ങളിൽ കച്ചവടക്കാർ പെരുന്പാവൂരിലേക്കു തടി കൊണ്ടു പോകുന്പോൾ വൻകിട ഇടനിലക്കാരാണ് കൊള്ളയടിക്കാൻ കാത്തിരിക്കുന്നത്.
20 ടൺ കൊണ്ടു പോകാനാണ് നിയമമെങ്കിലും ലോറിയിൽ 25 ടൺവരെ കൊണ്ടു പോയില്ലെങ്കിൽ മുതലാകുന്നില്ലെന്നാണ് ഇവരുടെ വാദം. ഒരു ലോഡ് തടി കൊണ്ടു പോകണമെങ്കിൽ 60,000 രൂപ ചെലവ് വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
റബർ വെട്ടുന്ന സ്ഥലപരിധിയിലുള്ള പോലീസ് സ്റ്റേഷൻ മുതൽ പെരുമ്പാവൂർ വരെ പിഴയീടാക്കുമെന്നാണ് ഇവരുടെ ഒരു ന്യായികരണം. ഓവർലോഡിനു 10,000 രൂപയാണ് പിഴ വരുന്നത്.
പെരുമ്പാവൂരിൽ ഇടനിലക്കാർക്കു 3500രൂപയും കൊടുക്കണമെന്നു കച്ചവടക്കാർ വ്യക്തമാക്കുന്നു. വിറകാണെങ്കിൽ ഒരു ടണ്ണിനു വെറും മൂവായിരം രൂപയാണു ലഭിക്കുക.
റബർ കർഷകരെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണ് റബർത്തടിമേഖലയിൽ നടമാടുന്ന അരാജകത്വമെന്നു കർഷകവേദി സെക്രട്ടറി ടോമിച്ചൻ സ്കറിയ ഐക്കര പറയുന്നു.
തടിവെട്ടുകൂലി തൊഴിലാളി നേതാക്കളുടെ താല്പര്യപ്രകാരം വർധിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. റബർകർഷകരുടെ താല്പര്യംകൂടി കണക്കിലെടുത്ത് അവരെക്കൂടി ഉൾപ്പെടുത്തി ചർച്ചനടത്തി വേണം കൂലി നിശ്ചയിക്കാൻ.
കർഷകർ വലിയ പ്രതീക്ഷയർപ്പിക്കുന്നത് ഒരുമിച്ചുകിട്ടുന്ന തടിവിലയിലാണ്. എന്നാൽ വിലകുറച്ച് കർഷകരെ പരസ്യമായി കബളിപ്പിക്കുന്ന ഇടപാടുകളാണ് നടക്കുന്നതെന്നും അദ്ദേം ചൂണ്ടിക്കാട്ടുന്നു.