കാഞ്ഞിരപ്പള്ളി: റബർ കൃഷിയിലുള്ള അവസാന പ്രതീക്ഷയും നശിച്ചതോടെ ആയിരത്തോളം റബർ മരങ്ങൾ മുറിച്ചു നീക്കുന്നതു തുടരുന്നു. റബർ മരങ്ങൾ മുറിച്ചുനീക്കി മറ്റു കൃഷിലേക്കു തിരിയാനാണ് കർഷകർ ശ്രമിക്കുന്നത്.
കറുകച്ചാല്‍ കിഴക്കേമുറിയില്‍ ജോയ് തോമസ് തന്റെ കാഞ്ഞിരപ്പള്ളി പഴയിടത്തുള്ള അഞ്ച് ഏക്കറിലെ മൂന്നു വര്‍ഷം മാത്രം ടാപ്പ് ചെയ്ത ആയിരം റബര്‍ മരങ്ങള്‍ വെട്ടിമാറ്റി.
റബര്‍കൃഷി ആദായകരമല്ലാത്തതാണ് മരങ്ങള്‍ മുറിച്ചുമാറ്റി പകരം ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ തീരുമാനിച്ചതിനു പിന്നിലെന്നു ജോയ് തോമസ് പറയുന്നു.
മരങ്ങൾ പാട്ടക്കൃഷിക്കു നല്കാന് ശ്രമിച്ചിട്ടും കാര്യമായ തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.
വിലയിടിഞ്ഞു, ടാപ്പിംഗ് നിര്‍ത്തി
2010ലാണ് ജോയ് തോമസ് പഴയിടത്ത് അഞ്ച് ഏക്കര്‍ റബര്‍ത്തോട്ടം വാങ്ങുന്നത്. അന്ന് ഏഴു വര്‍ഷം പ്രായമായ റബര്ത്തൈകളാണ് തോട്ടത്തിലുണ്ടായിരുന്നത്. രണ്ടു വര്‍ഷംകൂടി പരിപാലിച്ച് 2012ല്‍ മരങ്ങള്‍ ടാപ്പ് ചെയ്യാന്‍ തുടങ്ങി.
രണ്ടു വര്‍ഷം ടാപ്പ് ചെയ്തു. റബര്‍ വിലയിടിഞ്ഞതോടെ ടാപ്പിംഗ് നിര്‍ത്തി. മൂന്നു വര്‍ഷം ടാപ്പ് ചെയ്യാതെ കിടന്ന തോട്ടത്തില്‍ 2018ല്‍ വീണ്ടും ടാപ്പിംഗ് പുനരാരംഭിച്ചു.
ഒരു വര്‍ഷം ടാപ്പ് ചെയ്ത ശേഷം വീണ്ടും നിര്‍ത്തി. പിന്നീടിങ്ങോട്ട് നാലു വര്‍ഷമായി ടാപ്പ് ചെയ്യുന്നില്ല. ഫലവൃക്ഷങ്ങളായ മങ്കോസ്റ്റിന്, റംബുട്ടാന്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയുടെ കൃഷികള്‍ പരീക്ഷിച്ചു നോക്കാനാണു തീരുമാനമെന്നു ജോയ് തോമസ് പറയുന്നു.
മറ്റു കൃഷികളിലേക്ക്
പലേടത്തും കർഷകർ കൂട്ടത്തോടെ റബർ മരങ്ങൾ വിൽക്കുന്നുണ്ടെന്നു മരങ്ങൾ വിലയ്ക്കു വാങ്ങിയ ശശി പറഞ്ഞു. ടാപ്പിംഗ് തുടങ്ങി ഒന്നോ രണ്ടോ വർഷം മാത്രം കഴിഞ്ഞ മരങ്ങളാണ് പലേടങ്ങളിലും തങ്ങൾ വിലയ്ക്കു വാങ്ങി മുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.