കോട്ടയം: റബർ വിലയിടിവിലും ഭാരിച്ച കൃഷിച്ചെലവിലും കർഷകർ നട്ടംതിരിയുന്പോൾ റബർതൈ വില്പനയുടെ മറവിൽ റബർ ബോർഡിന്റെ പുതിയ ചൂഷണം.റബർ തൈകൾ തയാറാക്കി വിൽക്കുന്ന നഴ്സറികളിൽനിന്ന് ഓരോ തൈക്കും മൂന്നു രൂപ വീതം റബർ ബോർഡിലേക്കു നഴ്സറികൾ അടയ്ക്കണമെന്നാണു പുതിയ നിർദേശം.
ഇതോടെ നഴ്സറികൾ മൂന്നു രൂപ വീതം കർഷകരിൽനിന്ന് അധികം വാങ്ങി റബർ ബോർഡിൽ അടച്ചുതുടങ്ങി. തൈകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നഴ്സറികൾക്ക് ഇനി മുതൽ റബർ ബോർഡിന്റെ സർട്ടിഫിക്കേഷൻ വേണമെന്ന തീരുമാനത്തിന്റെ മറവിലാണു പുതിയ കൊള്ള.
റബർ ബോർഡ് ഫീൽഡ് സ്റ്റാഫ് നഴ്സറികൾ സന്ദർശിച്ചു തൈകളുടെ നിലവാരം പരിശോധിച്ചു വില്പനയ്ക്കു യോഗ്യമാണോയെന്നു സർട്ടിഫിക്കേഷൻ നല്കും. സർട്ടിഫിക്കേഷൻ ഇല്ലാത്ത തൈകൾ വിൽക്കാൻ അനുവദിക്കില്ല. ഉത്പാദനം മെച്ചമാകാൻ നല്ല തൈകൾ നടണമെന്നതിനാലാണു സർട്ടിഫിക്കേഷനെന്നു റബർ ബോർഡ് പറയുന്നു.
ഈ പരിശോധനയുടെയും സർട്ടിഫിക്കേഷന്റെയും ഭാഗമായാണു മൂന്നു രൂപ വീതം കർഷകരിൽനിന്ന് ഈടാക്കുന്നത്. തൈ കൂടുതലായി നടുന്ന ഈ സീസണിൽ കൂടത്തൈകൾക്ക് 60 മുതൽ 75 രൂപ വരെയാണു നിരക്ക്. കപ്പ് തൈകൾക്ക് 10 രൂപ അധികം നല്കണം. വലിയ തോതിൽ വില്പനയുള്ള ഏതാനും നഴ്സറികൾ മൂന്നു രൂപ ഇപ്പോൾ ഈടാക്കുന്നില്ല. ഓഗസ്റ്റ് മുതൽ തൈവില കുറയും. ഓഫ് സീസണിൽ 30 രൂപയ്ക്കു വരെ തൈകൾ വിൽക്കേണ്ടിവരുന്പോൾ മൂന്നു രൂപ അധികം വാങ്ങുമെന്നും നഴ്സറി ഉടമകൾ പറഞ്ഞു. ചില നഴ്സറികൾ മൂന്നു രൂപ പ്രത്യേക ബിൽപ്രകാരം വാങ്ങിയെടുക്കുന്നുമുണ്ട്.
ഓരോ നഴ്സറിയുംതയാറാക്കിയ തൈകളുടെ എണ്ണം റബർ ബോർഡിൽ അറിയിക്കുന്ന മുറയ്ക്കാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുക. വിൽക്കാൻ പാകമായ തൈകളുടെ എണ്ണമനുസരിച്ചു മൂന്നു രൂപ വീതം നഴ്സറികൾ റബർ ബോർഡിൽ അടയ്ക്കണമെന്നാണു മാനദണ്ഡം.
റബർ കൃഷി നഷ്ടമായതോടെ ചെറുകിട നഴ്സറികളിൽ ഏറെയും നിർത്തിപ്പോയി. വൻകിട നഴ്സറികൾ മാത്രമാണു നിലവിൽ തൈ ഉത്പാദിപ്പിച്ചു വിൽക്കുന്നത്.
റബർ ബോർഡിനുള്ള കേന്ദ്ര ബജറ്റ് വിഹിതം കുറഞ്ഞതോടെ വലിയൊരു തുക കർഷകരിൽനിന്നു പിഴിഞ്ഞു വാങ്ങാനുള്ള നീക്കമാണു റബർ ബോർഡിന്റേത്. ഒരു കോടി തൈ നഴ്സറികൾ സീസണിൽ വിറ്റാൽ മൂന്നു കോടി രൂപയാണു ബോർഡിനു വരുമാനം. ആവർത്തനക്കൃഷിക്കു നയാപൈസയുടെ സബ്സിഡി രണ്ടര വർഷമായി നൽകാൻ സാധിക്കാത്ത റബർ ബോർഡാണു തൈ വാങ്ങാനെത്തുന്ന കർഷകരെ പിഴിയുന്നത്.
നിലവിൽ ആവർത്തനക്കൃഷി സബ്സിഡി അപേക്ഷ പോലും റബർ ബോർഡ് വാങ്ങുന്നില്ല. തൈവിലയ്ക്കു പുറമേ ഗതാഗതച്ചെലവ്, തൊഴിൽക്കൂലി എന്നിവ കണക്കാക്കിയാൽ ഒരു തൈ നടാൻ 200 രൂപയോളം ചെലവുണ്ട്. ജെസിബി എത്താത്ത തോട്ടങ്ങളിൽ കുഴിയെടുക്കാൻ വലിയ കൂലിച്ചെലവുമുണ്ട്. ഈ സാഹചര്യത്തിലാണു കർഷകചൂഷണത്തിന്റെ പുതിയ തന്ത്രവുമായി റബർ ബോർഡ് എത്തിയിരിക്കുന്നത്.