കോട്ടയം: റബർ കൃഷി നടത്തിയവർക്കുള്ള ധനസഹായത്തിന് അപേക്ഷ നൽകാൻ കഴിയാതെ കർഷകർ. 2018, 2019 വർഷങ്ങളിൽ ആവർത്തനകൃഷി, പുതുകൃഷി നടത്തിയവർക്കാണു സർക്കാർ ധനസഹായം നൽകുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലിലൂടെ ഓണ്‍ലൈനായിട്ടാണ് കർഷകർ അപേക്ഷ നൽകേണ്ടത്.
മൊബൈൽ നന്പറും ഇ -മെയിലും നൽകിയാൽ മാത്രമേ സൈറ്റിൽ രജിസ്ട്രേഷൻ നടത്താൻ കഴിയൂ. സ്വന്തമായി ഇ- മെയിൽ ഇല്ലാത്തതിനാൽ ഭൂരിഭാഗം കർഷകരും മറ്റുള്ളവരെ ആശ്രയിച്ചാണ് അപേക്ഷ നൽകുന്നത്.
ഇങ്ങനെ അപേക്ഷ പൂരിപ്പിച്ചാലും ആധാർ കാർഡിൽ മൊബൈൽ നന്പർ ചേർത്തിട്ടില്ലെങ്കിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. ആധാർ കാർഡിൽ ചേർത്തിരിക്കുന്ന മൊബൈൽ നന്പറിലേക്ക് അവസാനം ലഭിക്കുന്ന ഒടിപി കൂടി നൽകിയാൽ മാത്രമേ അപേക്ഷ സമർപ്പണം പൂർത്തിയാകൂ.
ഭൂരിഭാഗം കർഷകർക്കും ആധാർ എടുത്ത സമയത്ത് സ്വന്തമായി മൊബൈൽ നന്പർ ഉണ്ടായിരുന്നില്ല. ചിലർ വീട്ടിലെ ലാൻഡ് ഫോണ്‍ നന്പറാണ് ചേർത്തിരിക്കുന്നത്.
അപേക്ഷയ്ക്കൊപ്പം നൽകേണ്ട രേഖകൾ സംഘടിപ്പിച്ച് കർഷകർ അപേക്ഷ നൽകാൻ ഓണ്‍ലൈൻ സെന്ററുകളെ സമീപിച്ചപ്പോഴാണ് പലരും ഇത്തരം കടന്പകളെക്കുറിച്ച് അറിഞ്ഞത്.
അപേക്ഷ നൽകേണ്ട അവസാന തീയതി മറ്റന്നാൾ അവസാനിക്കും. ഈ സമയത്തിനുള്ളിൽ ആധാറിൽ മൊബൈൽ നന്പർ ചേർക്കാൻ കഴിയില്ലെന്നും കർഷകർ പറയുന്നു.
കോൾ സെന്ററിൽ വിളിച്ചാലും വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന പോലെ മാത്രമേ അപേക്ഷ നൽകാൻ കഴിയൂവെന്ന മറുപടിയാണ് ലഭിക്കുന്നത്.
പരമാവധി രണ്ടു ഹെക്ടർ വരെ റബർകൃഷിയുള്ളവർക്കു നിബന്ധനകൾക്കു വിധേയമായി ഒരു ഹെക്ടറിന് ധനസഹായത്തിന് അർഹതയുണ്ട്.
അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകൾ രേഖപ്പെടുത്തിയ സ്കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവർക്കും മൈനറായ അപേക്ഷകർക്കും നോമിനേഷൻ എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്.