കോട്ടയം: വേനല് കനത്തതോടെ കര്ഷകര് റബര് ടാപ്പിംഗ് നിര്ത്തി. ഉത്പാദനം പരിമിതമായിട്ടും വില ഉയരുന്നില്ല.
ജനുവരിയോടെ ഷീറ്റ് വില 200 രൂപ കടക്കുമെന്ന പ്രതീക്ഷ നിരാശയില് കലാശിച്ചു. കേന്ദ്ര ബജറ്റില് റബര് കര്ഷകര്ക്ക് ആശ്വാസപദ്ധതികളൊന്നുമുണ്ടായതുമില്ല.
സംസ്ഥാന സര്ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയില് അടിസ്ഥാന വില 200 രൂപയായി ഉയര്ത്തുമെന്നാണ് കര്ഷകരുടെ പ്രതീക്ഷ. റബര് ബോര്ഡ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് ടാപ്പിംഗ് അവസാനിപ്പിക്കുന്നത്. സംസ്ഥാന സര്ക്കാര് സഹകരണ ഏജന്സികളുടെ സഹായത്തോടെ ന്യായവിലയ്ക്ക് റബര് സംഭരിക്കാന് തയാറാകണമെന്നാണ് കര്ഷകരുടെ ആവശ്യം.
ആവര്ത്തന കൃഷി മഴമറ, സ്പ്രെയിംഗ് സബ്സിഡികളൊന്നും വിതരണം ചെയ്തിട്ടില്ല. കേന്ദ്ര ബജറ്റില് 360.31 കോടി രൂപയാണ് റബര് മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. മുന് ബജറ്റുകളേക്കാള് 12 കോടിയുടെ വര്ധനയുണ്ടെങ്കിലും ആനുകൂല്യങ്ങള് വിതരണം ചെയ്യാന് ഈ വിഹിതം പര്യാപ്തമല്ല.
കഴിഞ്ഞ വര്ഷം കിലോയ്ക്ക് 245 രൂപയിലേക്ക് ഉയര്ന്ന വില നിലവില് 190 രൂപയിലേക്ക് താഴ്ന്നു.ഏറ്റവും ഉത്പാദനം ലഭിച്ച നവംബര് മുതല് ജനുവരി വരെ വില തീരെ വര്ധിക്കാത്ത സാഹചര്യമാണ്. എന്നാല് അന്താരാഷ്ട്ര വിപണിയില് വില വര്ധിക്കുന്നുമുണ്ട്.