വടക്കഞ്ചേരി: റബ്ബർ കർഷകർ റബ്ബർ ഉല്പാദകർ മാത്രമാകാതെ റബ്ബർ ഉൽപ്പന്ന നിർമ്മാതാക്കൾ കൂടിയാകണമെന്ന് റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ശ്രീകാന്തൻ പറഞ്ഞു. ഇതിനായി സംഘടിച്ച് സ്വന്തം കാലിൽ നിൽക്കാൻ കർഷകർ രംഗത്ത് വരാൻ ഇനിയും വൈകരുത്.
എളവന്പാടം മാതൃകാ റബ്ബർ ഉല്പാദക സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംഘം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.വി.ബാബു അധ്യക്ഷത വഹിച്ചു. ഭാരതപ്പുഴ റബ്ബേഴ്സ് എം.ഡി. കുരുവിള ചെറിയാൻ, സംഘം ഭരണ സമിതി അംഗങ്ങളായ ഡെന്നി തെങ്ങുംപ്പള്ളി, കെ.എസ്.ബാബു രാജൻ എന്നിവർ പ്രസംഗിച്ചു.
ഗ്രാമീണ കാർഷിക മേഖലക്ക് മാധ്യമ ഇടപെടലിലൂടെ നൽകിയ സംഭാവന പരിഗണിച്ച് രാഷ്ട്രദീപിക വടക്കഞ്ചേരി റിപ്പോർട്ടർ ഫ്രാൻസീസ് തയ്യൂരിന് റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമീഷണർ ശ്രീകാന്തൻ പ്രത്യേക പുരസ്ക്കാരം നൽകി അനുമോദിച്ചു. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം 94 വയസ്സുള്ള മറ്റപ്പള്ളിൽ ജോസഫ് ചേട്ടനെ സംഘം പ്രസിഡന്റ് പി.വി.ബാബു പൊന്നാട അണിയിച്ചും ആദരിച്ചു.
ഡെപ്യൂട്ടി കമ്മീഷണർ ശ്രീകാന്തൻ മൊമ്മന്റോയും നൽകി. സംഘ ത്തിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എലുവത്തിങ്കൽ ടെസി ഷാജുവിനേയും യോഗത്തിൽ അനുമോദിക്കുകയുണ്ടായി.