കോട്ടയം: കാലം തെറ്റിയ കഴിഞ്ഞ വര്‍ഷവും റബര്‍ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനയെന്ന് റബര്‍ ബോര്‍ഡ്. 2023-2024 സാമ്പത്തിക വര്‍ഷം 8.57 ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉത്പാദനം നടന്നതായാണ് റബര്‍ ബോര്‍ഡ് തയാറാക്കിയ കണക്ക്. മുന്‍ സാമ്പത്തിക വര്‍ഷം 8.39 ടണ്ണായിരുന്നു ഉത്പാദനം.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ വരള്‍ച്ചയും തുടര്‍ന്ന് ആറു മാസം മഴയും ലഭിച്ച കഴിഞ്ഞ വര്‍ഷവും ഉത്പാദനത്തില്‍ വര്‍ധനവുള്ളതായാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഏതു കാലാവസ്ഥയിലും കേരളത്തില്‍ പ്രതിമാസ ഉത്പാദനം നാല്പതിനായിരം ടണ്ണില്‍ കൂടുതലാണെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു. ടാപ്പിംഗ് പൂര്‍ണമായി മുടങ്ങുന്ന സീസണിലും സ്ഥിതി ഇതുതന്നെ.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം ടണ്ണില്‍ കൂടുതല്‍ ഉത്പാദനം നടന്നിട്ടില്ലെന്നാണ് ആര്‍പിഎസുകള്‍ വിലയിരുത്തുന്നത്. റബര്‍ ബോര്‍ഡ് പറയുന്നത് ശരിയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനവും ഉത്പാദനവും കേരളത്തേക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നാഗാലാന്‍ഡ്, മിസോറാം, മണിപ്പുര്‍, ത്രിപുര, ആസാം സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ ഇരട്ടിയോളം പ്രദേശങ്ങളിലേക്ക് റബര്‍കൃഷി വ്യാപനമുണ്ടാകും. കാലാവസ്ഥാ വ്യതിയാനത്തെത്തുര്ന്ന് കഴിഞ്ഞ വാര്‍ഷിക ഉത്പാദനം അഞ്ചര ലക്ഷം ടണ്ണില്‍ കുറഞ്ഞതായുള്ള വിലയിരുത്തലിലാണ് ഉത്പാദനം കുത്തനെ വര്‍ധിച്ചതായി റബര്‍ ബോര്‍ഡ് പറയുന്നത്.
റബര്‍ ആഭ്യന്തര ഉപയോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14. 16 ലക്ഷം ടണ്ണായി ഉയര്‍ന്നു. മുന്‍ വര്‍ഷം 13.5 ലക്ഷം ടണ്ണായിരുന്നു ഉപയോഗം. ഉത്പാദനത്തിന്റെ ഏറെക്കുറെ ഇരട്ടിയാണ് ഉപയോഗമെന്നിരിക്കെയും വില കഴിഞ്ഞ വര്‍ഷവും മെച്ചപ്പെട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായികള്‍ 4.92 ടണ്‍ റബര്‍ 30 ശതമാനം ചുങ്കം അടച്ച് ഇറക്കുമതി ചെയ്തു.
അതേ സമയം 10 ശതമാനം മാത്രം ചുങ്കം അടച്ച് ആസിയന്‍ രാജ്യങ്ങളില്‍ നിന്ന് 1.75 ടണ്‍ റബര്‍ പ്രത്യേക ക്വാട്ടയില്‍ ഇറക്കുമതിയും നടന്നു. റബര്‍ വിദേശവില 230 രൂപയിലേക്ക് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നപ്പോഴും ആഭ്യന്തര വില 190 രൂപയില്‍ കുറവായിരുന്നു. വില 200 കടക്കുമെന്നായിരുന്ന കണക്കുകൂട്ടല്‍.
180 രൂപയിലേക്ക് താഴ്ന്ന വിദേശ വിലയില്‍ ഒരാഴ്ചയായി കയറ്റമുണ്ട്. വീണ്ടും വിദേശവില 200 കടന്നപ്പോഴും ആഭ്യന്തര വില 182 രൂപ മാത്രം. പ്രധാന ഉത്പാദകരായ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ തായ്ലന്ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി വര്‍ധിക്കുമ്പോള്‍ വിദേശവിലയും ആഭ്യന്തരവിലയും ഇടിയുമെന്നാണ് ആശങ്ക. കേരളത്തില്‍ ടാപ്പിംഗ് പുനരാരംഭിച്ചെങ്കിലും ഉത്പാദനം നാമമാത്രമാണ്.
റെജി ജോസഫ്