വടക്കഞ്ചേരി: മംഗലംഡാമിന്റെ മലന്പ്രദേശമായ കടപ്പാറ തളികകല്ല് മലയിൽ കൊട്ടാരത്തിൽ തോമസിന്റെ പത്ത് ഏക്കർ തോട്ടത്തിലെ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷി. റബറിന്റെ വിലയിടിവും ഉയർന്ന ഉല്പാദന ചെലവും രോഗബാധയുമൊക്കെയായപ്പോൾ കുരുമുളകിന്റെ താങ്ങുതടിയായി റബറിനെ തരംതാഴ്ത്തി.
ഭേദപ്പെട്ട വില, അനായാസ പരിചരണം, ഉല്പാദനത്തിലെ ചെലവ് കുറവ് തുടങ്ങിയവയാണ് റബറിനെ തള്ളി കുരുമുളകിനോട് പ്രിയംകൂടാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. രണ്ടായിരം റബർ മരങ്ങളിലാണ് തോമസ് കുരുമുളക് പിടിപ്പിച്ചിട്ടുള്ളത്.
ആറ്, ഏഴ് വർഷം പ്രായമുള്ള തൈറബ്ബർ മുതൽ വലിയ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷിയാണ്. ഉല്പാദന ചെലവിന്റെ വർധനവും റബറിന് വിലയുമില്ലാത്ത സ്ഥിതിയും തുടരുന്നതിനാൽ വർഷങ്ങളായി തോമസ്, ടാപ്പിംഗ് നടത്തുന്നില്ല. മലയോരത്തെ തോമസിന്റെ മാത്രം കൃഷികാര്യമല്ലിത്. പ്രദേശത്തെ മുഴുവൻ കർഷകരും ഈ രീതിയിലാണ് തോട്ടങ്ങളിൽ വിള വിന്യാസം നടത്തുന്നത്.
തട്ടിൽ ജോസ്, കൊട്ടാരത്തിൽ ജെയിംസ്, ഗംഗാധരൻ, സതീശൻ തുടങ്ങി മലയോരത്തും താഴ് വാരങ്ങളിലും റബറിൽ നിന്നും വലിയ വരുമാനം പ്രതീക്ഷിച്ചുള്ള കൃഷികളെല്ലാം കർഷകർ ഉപേക്ഷിച്ചു.
റബർ തോട്ടങ്ങളിൽ റബറില്ലാതെ മറ്റൊന്നും കൃഷിചെയ്യാൻ പാടില്ലെന്നായിരുന്നു റബർ ബോർഡിന്റെ നിബന്ധനകൾ. പക്ഷെ, റബർവില താഴേക്ക് കൂപ്പുകുത്തിയപ്പോൾ റബർ ബോർഡ് നിസ്സഹായമായിനോക്കി നിൽക്കുന്ന സ്ഥിതിയുണ്ടായി. റബറിനുണ്ടാകുന്ന വിവിധ രോഗങ്ങൾ കണ്ടെത്തി തക്കപ്രതിവിധി നിർദേശിക്കാൻ ബോർഡിന് കഴിയാതെ വന്നതോടെ റബർ ബോർഡിലും റബറിലും വിശ്വസിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കർഷകർക്ക് ധൈര്യമില്ലാതായി.
മംഗലംഡാം കരിങ്കയത്ത് അഞ്ച് ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ച് മാറ്റി പിന്നീട് റബർ റീ പ്ലാന്റ് ചെയ്യാതെ കശുമാവ് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് എലഞ്ഞിമറ്റം തോമസ്. ചെരിഞ്ഞ ഭൂമിയിൽ കശുമാവ് നന്നായി വളരുമെന്നതിനാൽ റബറിനോട് സുല്ല് പറഞ്ഞ് നിരവധി കർഷകർ കശുമാവ് കൃഷിയിലേക്ക് മാറുന്നുണ്ട്.
മോശമല്ലാത്തവില, കുറഞ്ഞ പരിചരണം, താനെ വളർന്ന് താനെ ഉണ്ടാകുന്ന മരം എന്ന നിലയിൽ കശുമാവ് കൃഷി ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ലാഭകരവുമാണ്. ഒന്നര ഏക്കറിലെ റബർ വെട്ടിമാറ്റി കവുങ്ങ്, കുരുമുളക് ഉൾപ്പെടെ സമ്മിശ്ര കൃഷിയിലേക്ക് മാറുകയാണ്.
കൊട്ടാരത്തിൽ ജെയിംസ് സമീപ ഭാവിയിൽ തന്നെ ടാപ്പർമാരുടെ കുറവ് റബർ തോട്ടങ്ങളുടെ നിലനില്പും അവതാളത്തിലാക്കുമെന്ന് വിലയിരുത്തുന്നുണ്ട്. ഒരു ഹെക്ടറിൽ റബർ കൃഷി ചെയ്യാൻ 3,30,000 രൂപ ചെലവ് വരുമെന്നാണ് റബർ ബോർഡിന്റെ നാല് വർഷം മുന്പുള്ള കണക്ക്.
എന്നാൽ ഒരു ഹെക്ടറിൽ ആവർത്തന കൃഷിക്ക് റബർ ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ നാമമാത്രമാണ്. ഇതിനാൽ വലിയ മുതൽ മുടക്കിൽ റബർ കൃഷിക്ക് ആരും മുന്നോട്ടുവരുന്നില്ല. റോഡ് ടാറിംഗിന് റബർപാൽ കലർത്തിയ ടാർ കൂടുതലായി ഉപയോഗിക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്നും ആശാവഹമല്ല.