കോട്ടയം: വില ഇങ്ങനെ ചതിച്ചാല്‍ പിന്നെ റബര്‍ മരത്തില്‍ കുരുമുളക് വളര്‍ത്തുകയേ വഴിയുള്ളൂ. ഭാരിച്ച കൂലിച്ചെവിനൊപ്പം വിലസ്ഥിരതയില്ലാതെ വന്നതോടെ റബര്‍ തൈകളില്‍ കുമ്പുക്കന്‍ ഇനം കുരുമുളക് വളര്‍ത്തുകയാണ് പൂവത്തിളപ്പ് വടക്കേക്കുറ്റ് ബാബു.
ആര്‍ആര്‍ഐഐ 414 ഇനം 120 റബര്‍ തൈകള്‍ നട്ടു മൂന്നാം വര്‍ഷം എത്തിയപ്പോഴാണ് ഇതില്‍ കുരുമുളക് പരീക്ഷിക്കാമെന്നു തോന്നിയത്. ശിഖിരം വെട്ടിയൊതുക്കി ആറു വര്‍ഷം മുന്‍പ് നടത്തിയ കറുത്ത പൊന്നിന്റെ കൃഷി മോശമില്ലെന്നാണ് ബാബു പറയുന്നത്.
കഴിഞ്ഞ വര്‍ഷം അറുപതിനായിരം രൂപയുടെ കുരുമുളക് വില്‍ക്കാനായി. ഇപ്പോള്‍ 20 മീറ്ററോളമുള്ള വള്ളികളുടെ കയറ്റം. ഇതിനൊപ്പം വട്ടമരങ്ങളിലും കുരുമുളക് കയറ്റിയിട്ടുണ്ട്.
ളവെടുക്കാന് പാകത്തിലുള്ള ഏണിയുണ്ട്. ഇനിയും മുകളിലേക്ക് കയറിയാല്‍ വിളവെടുക്കാന്‍ പറ്റിയ സംവിധാനം ഒരുക്കും. ചാണകപ്പൊടിയും ചാണകവെള്ളവുമാണ് ചുവടു വളം. ഒപ്പം വേരുകേടും തണ്ടുചീയലും ചെറുക്കാന്‍ കീടനാശിനിയും.
റബറിനെയും റബര്‍ കര്‍ഷകരെയും രക്ഷിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ നാലു വര്‍ഷം വളര്‍ന്ന ഒരു ബ്ലോക്ക് റബര്‍ തൈകള്‍ വെട്ടിമാറ്റി ബാബു ഈയിടെ ദുരിയാന്‍ നട്ടിട്ടുണ്ട്. കൂടാതെ റംബുട്ടാന് തുടങ്ങി വേറെയും ഇനങ്ങളും.
ടാപ്പിംഗ്, സംസ്കരണചെലവുകള് കഴിഞ്ഞാല്‍ റബറില്‍നിന്ന് ഇനി മിച്ചമൊന്നുമില്ല. വിദേശ ഇറക്കുമതിയും വിലയിലെ ഒത്തുകളിയും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല.
ഏറെപ്പേരുടെ ചൂഷണത്തില്‍ റബര്‍ കര്‍ഷകര്‍ നഷ്ടങ്ങളിലും കഷ്ടങ്ങളിലും തകര്‍ന്നുകഴിഞ്ഞു.റബര്‍ കൃഷിക്കു പെരുമയുള്ള നാട്ടില്‍ ഇനി പഴമക്കാരെ കര കയറ്റിയ കുരുമുളകും കപ്പയും ഇഞ്ചിയും കുറെ പഴകൃഷിയുമൊക്കെയാണ് രക്ഷയെന്നാണ് ബാബുവിന്റെ അഭിപ്രായം.