പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ 2400 ലിറ്റർ റബ്ബർ പാൽ കേടുവന്ന് നശിച്ച സംഭവത്തിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 12 ബാരലുകളിലായി സൂക്ഷിച്ച റബ്ബർ പാലാണ് അധികൃതരുടെ കെടു കാര്യസ്ഥത കാരണം കേടായി പോയത്.
ഒരു ബാരലിൽ 200 ലിറ്റർ പാൽ വരെയുണ്ടാകും. പതിവു പോലെ കോർപ്പറേഷന്റെ കോട്ടയം ഫാക്ടറിയിലേക്കു കൊണ്ടുപോകാൻ സൂക്ഷിച്ചു വെച്ച റബർ പാലായിരുന്നു ഇത്. പാൽ ഉറയാതിരിക്കാൻ രാസ വസ്തുക്കൾ ചേർത്താണ് ബാരലുകളിൽ സൂക്ഷിക്കുന്നത്.
ഇത് കൈകാര്യം ചെയ്തതിൽ വന്ന പാക പിഴവാണ് പാൽ കേടാവാൻ കാരണമെന്ന് പറയുന്നു. മുൻ കാലങ്ങളിലും സമാന സംഭവങ്ങൾ എസ്റ്റേറ്റിൽ നടന്നിട്ടുണ്ടെന്നു ആരോപണമുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണു ഇത് വഴി സംഭവിക്കുന്നത്. ഇപ്പോൾ തന്നെ വിവിധ കാരണങ്ങളാൽ പേരാമ്പ്ര എസ്റ്റേറ്റ് നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്.