പ്രതീക്ഷ നല്കി റബര്‍വിലയില്‍ ചലനം, ചുക്കുവില താഴേക്ക്

bis-rubberവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: തുലാവര്‍ഷം കാര്‍ഷികമേഖലയ്ക്ക് ആശ്വാസം പകരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍. നേരത്തേ കാലവര്‍ഷം ദുര്‍ബലമായത് തോട്ടം മേഖലയ്ക്കു കനത്ത തിരിച്ചടിയായി. ടോക്കോമില്‍ റബര്‍ മികവിനു ശ്രമം തുടരുന്നു. കുരുമുളക് ഇറക്കുമതി ഉയര്‍ന്നു, കയറ്റുമതി ചുരുങ്ങി. ആഭ്യന്തര–വിദേശ ഓര്‍ഡറുകളുടെ അഭാവം ചുക്കിന് തിരിച്ചടിയായി. ദീപാവലി പ്രതീക്ഷയില്‍ മില്ലുകാര്‍ വെളിച്ചെണ്ണയില്‍ പിടിമുറുക്കി. സ്വര്‍ണവിലയില്‍ നേരിയ ചാഞ്ചാട്ടം.

തുലാവര്‍ഷം പതിവിനേക്കാള്‍ അല്പം നേരത്തേ സംസ്ഥാനത്ത് പ്രവേശിച്ചത് കാര്‍ഷികമേഖലയ്ക്ക് ആശ്വാസമായി. ഇക്കുറി സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായത് കര്‍ഷകരില്‍ സമ്മര്‍ദമുളവാക്കിയിരുന്നു. മുഖ്യവിളകള്‍ പലതും നിലനില്പു ഭീഷണിയെ അഭിമുഖീകരിച്ച അവസരത്തിലാണ് വാരാവസാനം പല ഭാഗത്തും മഴ ലഭ്യമായത്.

റബര്‍

പുലര്‍ച്ചെ തോട്ടംമേഖലയില്‍ അനുഭവപ്പെട്ട മഴ റബര്‍ ടാപ്പിംഗ് തടസപ്പെടുത്തിയെങ്കിലും വരുംദിനങ്ങളില്‍ മരങ്ങളുടെ ഉത്പാദനം ഉയരാന്‍ കാലാവസ്ഥാമാറ്റം ഉപകരിക്കും. കൊച്ചി, കോട്ടയം, മലബാര്‍ മേഖലകളില്‍നിന്നുള്ള റബര്‍ വരവ് നാമമാത്രമാണ്. ഇതിനിടെ ആഭ്യന്തര റബര്‍ അവധിനിരക്കുകള്‍ നിക്ഷേപതാത്പര്യത്തില്‍ ഉയര്‍ന്നു. ഇതോടെ ടയര്‍ കമ്പനികള്‍ ആര്‍എസ്എസ് നാലാം ഗ്രേഡ് 11,500ല്‍നിന്ന് 11,800ലേക്ക് ഉയര്‍ത്തി. അഞ്ചാം ഗ്രേഡിന് 400 രൂപ വര്‍ധിച്ച് 11,400 രൂപയായി. ചെറുകിട വ്യവസായികള്‍ ലാറ്റക്‌സ് വില 7,000ല്‍നിന്ന് 7,400 രൂപയാക്കി.

അന്താരാഷ്ട്ര വിപണിയില്‍ റബര്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ഒരാഴ്ച നീണ്ട ഉത്സവാഘോഷങ്ങള്‍ കഴിഞ്ഞ് ചൈനീസ് വ്യവസായികള്‍ രംഗത്ത് തിരിച്ചെത്തിയത് ഷാങ്ഹായില്‍ മാത്രമല്ല, ടോക്കോം, സീക്കോം എക്‌സ്‌ചേഞ്ചുകളിലും റബര്‍വില ഉയര്‍ത്തി. ടോക്കോമില്‍ റബര്‍ ഡിസംബര്‍ അവധി കിലോ 173 യെന്നില്‍നിന്ന് 184 യെന്‍ വരെ കയറി. റബര്‍ മുന്‍വാരം സൂചിപ്പിച്ച 189 യെന്‍ വരെ ഉയരാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ ആഗോള ക്രൂഡ് ഓയില്‍ ഉത്പാദനം എട്ടു വര്‍ഷത്തെ ഉയര്‍ന്ന തലത്തിലാണെന്ന ഒപ്പെക്കിന്റെ വെളിപ്പെടുത്തല്‍ നിക്ഷേപകരെ എണ്ണയില്‍നിന്ന് മാത്രമല്ല റബറില്‍നിന്നും അല്പം പിന്തിരിപ്പിച്ചു.

കുരുമുളക്

ദീപാവലി അടുത്തെങ്കിലും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് കുരുമുളകിന് ആവശ്യം ഉയര്‍ന്നില്ല. രാജ്യത്ത് പ്രതിവര്‍ഷം അരലക്ഷം ടണ്‍ കുരുമുളകിന്റെ ഡിമാന്‍ഡ് നിലവിലുണ്ട്. ഇക്കുറി മൊത്തം ഉത്പാദനം 48,500 ടണ്ണില്‍ ഒരുങ്ങി. ഇത് മുന്‍നിര്‍ത്തി വ്യവസായികള്‍ വിദേശചരക്ക് വന്‍തോതില്‍ ഇറക്കുമതി നടത്തി. ജനുവരി–ഓഗസ്റ്റ് കാലയളവില്‍ വിദേശ കുരുമുളക് ഇറക്കുമതി 16 ശതമാനം വര്‍ധിച്ച് 12,081 ടണ്ണായി. അതേസമയം കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി 46 ശതമാനം ഇടിഞ്ഞ് 8,631 ടണ്ണില്‍ ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 16,167 ടണ്ണായിരുന്നു. ഇതര ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വില ടണ്ണിന് 3,000 ഡോളര്‍ ഉയര്‍ന്നതിനാല്‍ പുതിയ വിദേശ ഓര്‍ഡറുകളില്ല. മലബാര്‍ കുരുമുളകുവില ടണ്ണിന് 11,200 ഡോളറില്‍ നീങ്ങുമ്പോള്‍ ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്‌നാമും 7,200–7,800 ഡോളറിന് ഉത്പന്നം കയറ്റുമതി നടത്തുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 68,100 രൂപയില്‍ തുടരുന്നു.

ഏലം

ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം പുതിയ ചരക്ക് ലേല കേന്ദ്രങ്ങളിലേക്കു നീക്കാന്‍ ഉത്പാദകര്‍ ഉത്സാഹിച്ചു. വിവിധ ലേലങ്ങളിലായി ഏകദേശം 550 ടണ്‍ ഏലക്കയുടെ ഇടപാടുകള്‍ നടന്നു. ദീപാവലി ബംബര്‍ വില്പന മുന്നില്‍ കണ്ട് രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളില്‍നിന്നും ഉത്പന്നത്തിന് ആവശ്യക്കാരുണ്ട്. മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 1225–1270 രൂപയില്‍ കൈമാറി.

നാളികേരം

നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഭക്ഷ്യയെണ്ണ വിപണികള്‍ അല്പം തളര്‍ച്ചയിലാണ്. പ്രദേശിക തലത്തില്‍ പാചകയെണ്ണകളുടെ വില്പന ചുരുങ്ങിയത് വിലക്കയറ്റത്തിനു തടസമായി. കുറച്ച് കാത്തിരുന്നാല്‍ ദീപാവലി ഡിമാന്‍ഡ് എണ്ണവിപണിയെ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് മില്ലുകള്‍. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കൊപ്രയാട്ട് മില്ലുകള്‍ സ്‌റ്റോക്ക് നീക്കം നിയന്ത്രിക്കുന്നുണ്ട്. കൊച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും വെളിച്ചെണ്ണ 9,100 രൂപയിലും കൊപ്ര 6,205ലുമാണ്.

ഇഞ്ചി

ഇഞ്ചി കര്‍ഷകരും ചുക്ക് ഉത്പാദകരും സാമ്പത്തിക പ്രതിസന്ധിയില്‍. ഇഞ്ചി വിളവെടുപ്പിനു തുടക്കംകുറിച്ച വേള മുതല്‍ വിലത്തകര്‍ച്ചയുടെ പിടിയിലാണ് കര്‍ഷകര്‍. അധികം വൈകിയില്ല, വില ഇടിവ് ചുക്കിലേക്കും വ്യാപിച്ചതോടെ ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ചരക്ക് സംഭരണ നിരക്ക് പരമാവധി താഴ്ന്ന ശേഷം തുടങ്ങാമെന്ന നിലപാടിലേക്ക് തിരിഞ്ഞു. ഒരു മാസമായി വിലയിടിവ് നേരിടുന്ന ചുക്ക് വാരാവസാനം 13,750–15,250 രൂപയിലാണ്.

സ്വര്‍ണം

ആഭരണവിപണികളില്‍ പവന്‍ 23,480 രൂപയില്‍നിന്ന് 22,560 രൂപയായി. ഒരു ഗ്രാമിന്റെ വില 2,820 രൂപ. ന്യൂയോര്‍ക്കില്‍ ഒരൗണ്‍സ് സ്വര്‍ണം 1,257 ഡോളറിലാണ്.

Related posts