കോട്ടയം: അന്താരാഷ്ട്രവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര റബർ വില നിർണയിക്കപ്പെടുന്നതെന്ന റബർ ബോർഡിന്റെ ആവർത്തിക്കുന്ന പ്രസ്താവന പൊള്ളയെന്നു തെളിയുന്നു. ജനുവരി മൂന്നിലെ 103 രൂപയിൽനിന്ന് അന്താരാഷ്ട്രവില ഇന്നലെ 120 രൂപ പിന്നിട്ടപ്പോഴും ആഭ്യന്തര വില 120നും 125നും ഇടയിൽ വട്ടംകറങ്ങുകയാണ്.
ഇക്കൊല്ലം ജനുവരിയിൽ മാത്രം അന്താരാഷ്ട്രവില കിലോയ്ക്ക് 17 രൂപ വർധിച്ച ആ നിലയ്ക്ക് ആഭ്യന്തരവില 135 രൂപയ്ക്കു മുകളിലെത്തണം.ഇറക്കുമതി നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദേശങ്ങളിൽ ഉത്പാദനം കുറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലും വില ഉയർത്താത്തതിൽ യാതൊരു നീതീകരണവുമില്ലെന്ന് കർഷകർ പറയുന്നു. ആർഎസ്എസ് ഒന്ന് ഗ്രേഡിന് ഇന്നലെ ബാങ്കോക്ക് വില 120 രൂപ കടന്നിട്ടുണ്ട്.
ക്രിസ്മസ്, പുതുവർഷ അവധിക്കുശേഷം ചൈനയിൽ ഉൾപ്പെടെ ആഗോള വിപണിയിൽ റബറിന് ഡിമാൻഡ് വർധിച്ചിരിക്കുന്നു. ഡിസംബർ അവസാനം വിദേശവില 102 രൂപയായിരുന്നപ്പോഴും ഇവിടെ 125 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട് അന്താരാഷ്ട്ര മാർക്കറ്റുകളിലെല്ലാം വില 20 രൂപയോളം കൂടി.
മഴയ്ക്കുശേഷമുണ്ടായ പ്രഭാത ശൈത്യം നാട്ടിൽ ഉത്പാദനം വർധിപ്പിക്കുകയും മാർക്കറ്റിൽ ചരക്ക് വരവ് കൂടുകയും ചെയ്തതിനാൽ വിലകൂട്ടി വാങ്ങാൻ വ്യവസായികൾ താൽപര്യപ്പെടുന്നില്ല.
നവംബർ മുതൽ മാസ ഉത്പാദനം അറുപതിനായിരം ടണ്ണായി ഉയർന്നിട്ടുണ്ട്. ചെറുകിട കർഷകർ ചരക്ക് സ്റ്റോക്ക് ചെയ്യാതെ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുകയാണ്. കോട്ടയം മാർക്കറ്റിൽ ദിവസം ഇപ്പോൾ നാൽപതു ടണ് റബർ വിൽപനയ്ക്കെത്തുന്നതായാണു വിലയിരുത്തൽ.
അന്താരാഷ്ട്ര വില 110 രൂപ പിന്നിട്ടതുമുതൽ ആഭ്യന്തരവിപണിയിൽനിന്ന് ടയർ കന്പനികൾ നന്നായി ചരക്ക് വാങ്ങുന്നുണ്ട്. ഇറക്കുമതി നഷ്ടമായിട്ടും നാട്ടിലെ കർഷകർക്ക് മെച്ചപ്പെട്ട വില നൽകാൻ തയാറാകുന്നുമില്ല.
ഇറക്കുമതി തീരുവകൂടി കണക്കാക്കിയാൽ ഒരു കിലോ റബർ ഇറക്കുമതി ചെയ്യാൻ 140 രൂപയിലേറെ ചെലവുവരുമെന്നിരിക്കെയാണ് ആർഎസ്എസ് നാല് ഗ്രേഡ് 125 രൂപ നിരക്കിൽ എടുക്കുന്നത്. ആർഎസ്എസ് അഞ്ചാം ഗ്രേഡിന് 120 രൂപയേ വിലയുള്ളു. പ്രഖ്യാപിത നിരക്കിനേക്കാൾ രണ്ടു രൂപയോളം താഴ്ത്തിയാണു വ്യാപാരികൾ ചരക്ക് വാങ്ങുന്നത്.
റെജി ജോസഫ്