കോട്ടയം: റബർ വില ആർഎസ്എസ് നാല് ഗ്രേഡിനു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ 150 രൂപയിലെത്തി. വില ഇനിയും ഉയരുമെന്നു സൂചന നല്കി കന്പനികൾ 155 രൂപയ്ക്കു ഇന്നലെ വ്യാപാരികളിൽനിന്നു റബർ വാങ്ങി.
പ്രമുഖ ടയർ കന്പനികൾ 153 രൂപയ്ക്കു ഷീറ്റ് വാങ്ങുന്നുണ്ട്. ആർഎസ്എസ് നാല് 150, ആർഎസ്എസ് അഞ്ചിന് 147, ഐസ്എംആർ 20 130.50 എന്നിങ്ങനെയാണ് ഇന്നലെ റബർ ബോർഡ് നല്കിയ വില.
ഒട്ടുപാൽ വില കിലോ 100 രൂപയിലേക്കും ലാറ്റക്സ് 130 രൂപയിലേക്കും വിലവർധനയുണ്ടായി. വിദേശ വിലയിലെ ഉയർച്ചയും ആഭ്യന്തര ഉത്പാദനത്തിലെ കുറവുമാണ് റബർ വില മെച്ചപ്പെടാൻ കാരണം.
മഴ ശക്തിപ്പെട്ടിരിക്കെ കേരളത്തിൽ ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. ഷേഡും പ്ലാസ്റ്റിക്കും വച്ച് ടാപ്പിംഗ് തുടങ്ങാൻ പലരും താത്പര്യപ്പെടുന്നില്ല. ഗുണമേന്മയുള്ള ഷീറ്റിനു കടുത്തക്ഷാമം നേരിടുന്നതായി വ്യാപാരികൾ പറഞ്ഞു.