തിരക്കിട്ട നീക്കം തിരിച്ചടിയാവുമെന്നു വ്യക്തമായതോടെ തായ്ലൻഡ് റബർ ലേലനീക്കത്തിൽനിന്ന് താത്കാലികമായി പിന്മാറി. അഭ്യൂഹങ്ങൾ കുരുമുളകിൽ സമ്മർദ്ദമുളവാക്കി, ഒരാഴ്ചത്തെ കുതിപ്പിനൊടുവിൽ വിപണി കിതച്ചു. നാളികേരോത്പന്നങ്ങളിൽ നേരിയ മുന്നേറ്റം. വേനൽമഴ ഏലത്തോട്ടങ്ങൾക്ക് ഉണർവു പകരും.
കുരുമുളക്
ഒരാഴ്ച നീണ്ട കുതിച്ചുചാട്ടത്തിനൊടുവിൽ ഇന്ത്യൻ കുരുമുളകിനു കാലിടറി. ചരക്കുക്ഷാമവും ഇറക്കുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളുമാണ് ഉത്സവപ്രതീതി ജനിപ്പിച്ചത്. വിയറ്റ്നാം കുരുമുളക് ഇറക്കുമതിക്കു താത്കാലിക നിരോധനം ഉടൻ പിൻവലിക്കുമെന്ന സൂചനകൾ ഉത്തരേന്ത്യൻ വാങ്ങലുകാരെ രംഗത്തുനിന്ന് അല്പം പിന്തിരിപ്പിച്ചു. ഗാർബിൾഡ് മുളക് 62,600ൽനിന്ന് 61,400 രൂപയായി. പുതിയ കുരുമുളകുവില 56,900 രൂപ.
ഹൈറേഞ്ചിൽനിന്ന് വില്പന സമ്മർദമില്ലെങ്കിലും കർണാടകത്തിലെ തോട്ടങ്ങൾ പുതിയ മുളക് വില്പനയ്ക്കിറങ്ങി. സെപ്റ്റംബർ-ഒക്ടോബർ കാലയളവിലെ ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് ഉത്തരേന്ത്യക്കാർ മുളക് സംഭരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 10,000 ഡോളറിലാണ്. പുതിയ കരാറുകളിൽ ഏർപ്പെടാൻ യുഎസ്, യൂറോപ്യൻ ബയറർമാർ താത്പര്യം കാണിച്ചില്ല.
റബർ
തായ്ലൻഡ് കരുതൽ ശേഖരത്തിലെ റബർവില്പനയിൽനിന്ന് താത്കാലികമായി പിൻതിരിയുന്നത് ഏഷ്യൻ മാർക്കറ്റുകൾക്ക് പുതുജീവൻ പകരും. കഴിഞ്ഞ മാസം തായ് അഥോറിറ്റി റബർ ലേലത്തിനിറക്കിയതാണ് രാജ്യാന്തര വിപണിയുടെ താളം തെറ്റിച്ചത്.
ആഗോള റബർവിപണിക്കു പൊടുന്നനെ നേരിട്ട വിലത്തകർച്ച തായ്ലൻഡിന്റെ സാന്പത്തികസ്ഥിതിയിൽ വിള്ളലുണ്ടാക്കുമെന്നു വ്യക്തമായതാണ് ലേലത്തിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചത്. പുതിയ സാഹചര്യത്തിൽ ഏഷ്യൻ വിപണികളിൽ റബർ ഒരിക്കൽകൂടി മികവിലേക്കു ചുവടുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപമേഖല. ഡോളറിന്റെ വിനിമയനിരക്കിലെ ചാഞ്ചാട്ടവും ക്രൂഡ് ഓയിൽ വിലയിലെ ഉണർവും ടോക്കോമിലും സിക്കോമിലും ചലനമുളവാക്കും. റബറിന്റെ കരുതൽ ശേഖരം ഉയർന്നു നിൽക്കുന്ന ചൈനയിലും ഈ അവസരത്തിൽ ഉണർവു പ്രതീക്ഷിക്കാം.
ടോക്കോമിൽ കിലോ 275 യെന്നിൽ നീങ്ങുന്ന റബർ 250 യെന്നിലെ സപ്പോർട്ട് നിലനിർത്തി 300 യെന്നിലെ പ്രതിരോധം തകർക്കാനാവും ആദ്യം ശ്രമിക്കുക. വിപണിയുടെ ഈ നീക്കം വിജയിച്ചാൽ മാസാന്ത്യത്തോടെ 334-350 യെന്നിനെ ലക്ഷ്യമാക്കി ടോക്കോമിൽ റബർ ചുവടുവയ്ക്കാം. ഇന്ന് ദേശീയ അവധി പ്രമാണിച്ച് ജാപ്പനീസ് മാർക്കറ്റ് പ്രവർത്തിക്കില്ല.
ഇന്ത്യൻ ടയർ വ്യവസായികൾ റബർ സംഭരിച്ചെങ്കിലും നിരക്ക് ഉയർത്തിയില്ല. ആർഎസ്എസ് നാലാം ഗ്രേഡ് റബർ 14,900 രൂപയിലും അഞ്ചാം ഗ്രേഡ് 14,200ലുമാണ്. ലാറ്റക്സ് വില 10,000ൽനിന്ന് 9,300ലേക്ക് ഇടിഞ്ഞു. വേനൽ മഴ തുടർന്നാൽ റബർ വെട്ട് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഒരു വിഭാഗം ചെറുകിട കർഷകർ.
ഏലം
വേനൽമഴ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾക്ക് പുതുജീവൻ പകരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. മഴ മാസാന്ത്യം വരെ തുടർന്നാൽ മേയിൽ പുതിയ ഏലക്ക വിളവെടുപ്പിനു തുടക്കംകുറിക്കാനാവുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഏലക്കയുടെ കരുത്തൽ ശേഖരം കുറവായതിനാൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിൽ വരവ് പതിവിലും കുറഞ്ഞു. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 1350 രൂപ റേഞ്ചിലാണ്. അറബ് രാജ്യങ്ങളിൽനിന്ന് ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം.
ചുക്ക്
ചുക്ക് വില വീണ്ടും ഇടിഞ്ഞു. ചുക്ക് സ്റ്റോക്ക് ഉയർന്നതും ആഭ്യന്തര-വിദേശ ആവശ്യകാരുടെ അഭാവം മാർക്കറ്റിനെ തളർത്തി. കർണാടകം പച്ച ഇഞ്ചിയും ചുക്കും വില്പനയ്ക്കിറക്കി. ഗൾഫ് രാജ്യങ്ങൾ പുതിയ കച്ചവടങ്ങൾക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാർ. മീഡിയം ചുക്ക് 12,500 രൂപ, ബെസ്റ്റ് ചുക്ക് 13,500 രൂപ.
ജാതിക്ക
വരൾച്ച മൂലം ജാതിക്ക ഉത്പാദനം പതിവിലും കുറയും. മധ്യകേരളത്തിലെ ജാതിത്തോട്ടങ്ങളിൽ പുതിയ കായ്കൾ വിളവെടുപ്പിന് സജ്ജമാവുകയാണ്. തുലാവർഷം ദുർബലമായതിനാൽ പല തോട്ടങ്ങളിലും നേരത്തേ കണക്കു കൂട്ടിയതിനേക്കാൾ ഉത്പാദനം കുറവാണ്. ജാതിക്ക തൊണ്ടൻ 225-350 രൂപ, തൊണ്ടില്ലാത്തത് 475-570 രൂപ, ജാതിപത്രി 500-650 രൂപ.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ് ദൃശ്യമായെങ്കിലും കൊപ്രയാട്ട് മില്ലുകളുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണവില ഉയർന്നില്ല. കാങ്കയത്തെ മില്ലുകൾ എണ്ണനീക്കം നിയന്ത്രിച്ചത് വിപണിക്കു താങ്ങായി. എന്നാൽ, വൻവില നൽകി കൊപ്ര ശേഖരിക്കാൻ അവർ തയാറായില്ല. വെളിച്ചെണ്ണ 12,100ലും കൊപ്ര 8,155 രൂപയിലുമാണ്. ദക്ഷിണേന്ത്യയിൽ നാളികേര ഉത്പാദനം വരും മാസങ്ങളിൽ കുറയുമെന്ന വിലയിരുത്തലുകൾ കണക്കിലെടുത്താൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ വെളിച്ചെണ്ണയിൽ കുതിപ്പു പ്രതീക്ഷിക്കാം.
സ്വർണം
സ്വർണവില ചാഞ്ചാടി. 21,600 രൂപയിൽ വില്പനയാരംഭിച്ച പവൻ വാരമധ്യം 21,360ലേക്ക് താഴ്ന്നെങ്കിലും പിന്നീട് 21,600 രൂപയിലേക്കു കയറി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1197 ഡോളറിൽനിന്ന് 1229ലേക്ക് ഉയർന്നു.