വിപണി വിശേഷം / കെ.ബി. ഉദയഭാനു
ടാപ്പിംഗ് രംഗം ഉണർന്നതോടെ ടയർ ലോബി ഷീറ്റുവില ഇടിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. കർഷകർ കുരുമുളക് റിലീസിംഗ് കുറച്ച് വില ഉയർത്താനുള്ള ശ്രമത്തിൽ. ഏലത്തോട്ടങ്ങളിൽ അടുത്ത മാസം വിളവെടുപ്പിന്റെ ആരവമുയരും. വെളിച്ചെണ്ണവിപണിയിൽ സാങ്കേതിക തിരുത്തൽ. സ്വർണവിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം.
റബർ
റബർ കർഷകർ തോട്ടങ്ങളിൽ സജീവമായതോടെ ലാറ്റക്സ് വരവുയർന്നു. വിലത്തകർച്ച മൂലം മാസങ്ങളായി തോട്ടങ്ങളിൽനിന്ന് അകന്ന ഉത്പാദകർ ഏതാണ്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ ടാപ്പിംഗ് തുടങ്ങിയിട്ട്. മാസാരംഭത്തിൽ വിദേശ റബർ വരവ് ചുരുങ്ങിയത് വില ഉയർത്താൻ ടയർ കന്പനികളെ പ്രേരിപ്പിച്ചിരുന്നു. ഇതിനിടെ 13,000 രൂപയിലെ പ്രതിരോധം റബർ മറികടന്നത് തോട്ടം മേഖലയ്ക്കു പ്രതീക്ഷ പകർന്നു. നാലാം ഗ്രേഡ് ഷീറ്റ് 2017 ലെ മികച്ച വിലയായ 14,200 വരെ കയറി.
അടുത്ത വാരം പുതിയ ഷീറ്റുവരവ് തുടങ്ങാം. ടാപ്പിംഗ് രംഗത്തെ കുതിച്ചുചാട്ടം കണ്ട് ടയർ ലോബി വിലയിടിച്ചു. കൊച്ചിയിൽ 14,100 രൂപയിൽനിന്ന് നാലാം ഗ്രേഡ് 13,100ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 1,300 രൂപ ഇടിഞ്ഞ് 12,700 രൂപയായി.
ഓഗസ്റ്റ് മധ്യത്തിൽ ഓണത്തിനു മുന്നോടിയായുള്ള വില്പന തുടങ്ങും. വൻതോതിൽ ഷീറ്റും ലാറ്റക്സും വില്പനയ്ക്കെത്തിയാൽ അത് ഉത്പന്നവിലയെ ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ റബർവില 11,700 രൂപ. ഇതുമൂലം ടയർ വ്യവസായികൾ ഇറക്കുമതിക്കു തന്നെയാണ് മുൻതൂക്കം നല്കുന്നത്.
ജപ്പാൻ, സിംഗപ്പൂർ മാർക്കറ്റുകളിൽ റബർ അവധി നിരക്കുകളിൽ കാര്യമായ മാറ്റമില്ല. യെന്നിന്റെ വിനിമയമൂല്യത്തിലെ ചാഞ്ചാട്ടം ഓപ്പറേറ്റർമാരെ ഷോട്ട് കവറിംഗിനു പ്രേരിപ്പിച്ചു. ടോക്കോമിൽ റബർ ആറു ശതമാനം പ്രതിമാസ നേട്ടത്തിലാണ്.
കുരുമുളക്
കുരുമുളക് കർഷകർ ഓഫ് സീസണിലെ വിലക്കയറ്റത്തിനായി വില്പനത്തോത് കുറച്ചു. ഉത്പാദകമേഖലയിൽനിന്നുള്ള ചരക്കുനീക്കം കുറഞ്ഞു. കർണാടകയും ചരക്കുനീക്കം കുറച്ചാൽ വിപണി ചൂടുപിടിക്കും.
വിദേശ കുരുമുളക് എത്തിച്ചവർ മുളകുവരവ് കുറയുന്ന അവസരത്തെ ഉറ്റുനോക്കുകയാണ്. ടെർമിനൽ മാർക്കറ്റിൽ വരവ് കുറഞ്ഞാൽ കൃത്രിമ വിലക്കയറ്റത്തിലൂടെ ഇറക്കുമതി ചരക്ക് ഉത്തരേന്ത്യയിൽ മെച്ചപ്പെട്ട വിലയ്ക്ക് വിറ്റഴിക്കാനുള്ള നീക്കത്തിലാണവർ. കൊച്ചിയിൽ അണ്ഗാർബിൾഡ് മുളക് 46,800 രൂപയിലും ഗാർബിൾഡ് കുരുമുളക് 48,800രൂപയിലുമാണ്.
വിദേശ വ്യാപാരരംഗം തളർച്ചയിലാണ്. ഇന്ത്യൻ വില ടണ്ണിന് 7900-8100 ഡോളർ. ഇന്തോനേഷ്യയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. വിയറ്റ്നാമും ബ്രസീലും സ്റ്റോക്ക് ഇറക്കുന്നുണ്ട്.
ചുക്ക്
ആഭ്യന്തര ഡിമാൻഡിൽ ചുക്കുവില ഉയർന്നു. വിപണിയിൽ സ്റ്റോക്ക് നില ചുരുങ്ങിയതിനാൽ ഉത്തരേന്ത്യൻ ഡിമാൻഡ് ചുക്കിന്റെ തിരിച്ചുവരവിന് അവസരമൊരുക്കുമെന്നാണ് ഉത്പാദകരുടെ കണക്കുകൂട്ടൽ. മീഡിയം ചുക്ക് 10,000 രൂപയിലും ബെസ്റ്റ് ചുക്ക് 12,000 രൂപയിലുമാണ്.
ഏലം
ഏലത്തോട്ടങ്ങളിൽ ഓഗസ്റ്റിൽ വിളവെടുപ്പിന്റെ ആരവമുയരും. പുതിയ ഏലക്ക വരവിനെ ഉറ്റുനോക്കുകയാണ് ലേലകേന്ദ്രങ്ങൾ. ചരക്കുക്ഷാമം രൂക്ഷമായതോടെ അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വാരാന്ത്യം വണ്ടന്മേട്ടിൽ ഏലക്ക മുന്നേറി. വലുപ്പം കൂടിയ ഇനങ്ങൾ കിലോഗ്രാമിന് 1,516 രൂപയിലെത്തി. ഏലക്ക ശേഖരിക്കാൻ ആഭ്യന്തര വ്യാപാരികൾ ഉത്സാഹിച്ചെങ്കിലും കയറ്റുമതിക്കാർ രംഗത്തു സജീവമല്ല.
നാളികേരം
നാളികേരോത്പന്നങ്ങളുടെ മികവിനിടെ വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം. മാസാരംഭ ഡിമാൻഡ് മുൻനിർത്തി കാങ്കയത്തെ മില്ലുകൾ കേരളത്തിലേക്ക് വൻതോതിൽ എണ്ണ വില്പനയ്ക്കിറക്കി. എണ്ണ വിറ്റഴിക്കാൻ മില്ലുകാർ പരസ്പരം മത്സരിച്ചത് വെളിച്ചെണ്ണവിലയിൽ പിരിമുറുക്കമുളവാക്കി. 14,000ൽനിന്ന് എണ്ണ മാർക്കറ്റ് 13,800ലേക്ക് താഴ്ന്നശേഷം ശനിയാഴ്ച 13,900ലാണ്. ഓണവില്പന മുന്നിൽക്കണ്ട് മില്ലുകാർ വരുംദിനങ്ങളിൽ കൊപ്രയിൽ പിടിമുറുക്കാം. കൊപ്രവില 9,305 രൂപ.
സ്വർണം
സ്വർണവില ഉയർന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 21,280 രൂപയിൽനിന്ന് 21,200ലേക്ക് താഴ്ന്നെങ്കിലും രാജ്യാന്തരതലത്തിൽ സ്വർണത്തിലെ നിക്ഷേപതാത്പര്യം ശനിയാഴ്ച പവനെ 21,360 രൂപയിലെത്തിച്ചു. ഈ വാരം പവൻ 21,540 വരെ ഉയരാൻ ഇടയുണ്ട്.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1,254 ഡോളറിൽനിന്ന് 1,271 വരെ കയറി. വാരാന്ത്യം വില 1,269 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,283 ഡോളർ നീങ്ങാം.