റബര്‍ അന്താരാഷ്ട്ര വിലയില്‍ ഇടിവ്; വ്യവസായികള്‍ പിന്നോട്ടുതന്നെ

rubberകോട്ടയം: അന്താരാഷ്്ട്രവില താഴ്ന്നതോടെ റബര്‍ വിപണിയില്‍ വീണ്ടും ആശങ്ക. വെള്ളിയാഴ്ച കിലോഗ്രാമിന് 163 രൂപയിലെത്തിയ ബാങ്കോക്ക് നിരക്ക് ഇന്നലെ 157.49 രൂപയായി താഴ്ന്നു. കഴിഞ്ഞ രണ്ടു ദിവസമായി അന്താരാഷ്്ട്രവില താഴുകയാണ്. തിങ്കളാഴ്ചയ്ക്കു ശേഷം അഞ്ചു രൂപയുടെ താഴ്ചയാണ് വിദേശവിലയിലുണ്ടായിരിക്കുന്നത്.

ആഭ്യന്തരവിലയില്‍ നേരിയ തോതില്‍ വില താഴ്ന്നതിനൊപ്പം ടയര്‍ കന്പനികള്‍ ചരക്ക് വാങ്ങാതെ ആഴ്ചകളായി വിപണി വിട്ടു നില്‍ക്കുകയാണ്. റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് ഇന്നലെ 137.50, അഞ്ച് ഗ്രേഡിന് 131. അപ്പോളോ കന്പനി 138 രൂപ നിരക്കില്‍ കഴിഞ്ഞയാഴ്ച പരിമിതമായ അളവില്‍ ഷീറ്റ് വാങ്ങിയതല്ലാതെ മറ്റു കന്പനികളൊന്നും ചരക്ക് വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല.

വില താഴുമോ എന്ന ആശങ്കയില്‍ വ്യാപാരികള്‍ ഷീറ്റ് വാങ്ങാനോ സ്‌റ്റോക്ക് ചെയ്യാനോ താത്പര്യപ്പെടുന്നുമില്ല. ജനുവരി വരെ പ്രമുഖ കന്പനികള്‍ക്കെല്ലാം റബര്‍ സ്‌റ്റോക്കുള്ളതിനാല്‍ വരുംദിവസങ്ങളിലും മാര്‍ക്കറ്റില്‍നിന്നു വിട്ടുനില്‍ക്കാനുള്ള നീക്കമാണ് ടയര്‍ കന്പനികളുടേതെന്ന് വ്യാപാരികള്‍ പറയുന്നു. അന്താരാഷ്്ട്ര വില താഴ്ന്നതിനു തൊട്ടുപിന്നാലെ ലാറ്റക്‌സ് വിപണിയിലും ഇന്നലെ വില താഴ്ന്നു. ശനിയാഴ്ച 115 രൂപയിലെത്തിയ ഫീല്‍ഡ് ലാറ്റക്‌സിന് ഇന്നലെ 107 രൂപയായി.

റബര്‍ കയറ്റുമതി കൂടുന്നുവെന്ന റബര്‍ ബോര്‍ഡ് പ്രസ്താവനകള്‍ കര്‍ഷകര്‍ക്ക് വലിയ പ്രത്യാശ നല്‍കുന്നതല്ല. മുന്‍ മാസങ്ങളില്‍ മാസം 50 ടണ്ണില്‍ താഴെയായിരുന്ന കയറ്റുമതി നവംബറില്‍ 500 ടണ്‍ കടന്നു എന്നതാണ് കയറ്റുമതിയിലെ വര്‍ധനയായി റബര്‍ ബോര്‍ഡ് പറയുന്നത്.

ഇതേസമയം ഇറക്കുമതി മാസംതോറും ശരാശരി 35,000 ടണ്ണിനു മുകളില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി തുടരുന്നുവെന്നതും ഇറക്കുമതിത്തോതില്‍ ഇപ്പോഴും മാറ്റമില്ലെന്നതും ബോര്‍ഡ് മറച്ചുവയ്ക്കുന്നു. ബോര്‍ഡ് പ്രഖ്യാപിത വിലയേക്കാള്‍ കിലോയ്ക്ക് രണ്ടും മൂന്നും രൂപ താഴ്ത്തിയാണ് ഷീറ്റ് വാങ്ങാന്‍ തയാറാകുന്ന വിരലിലെണ്ണാവുന്ന വ്യാപാരികള്‍ നല്‍കുന്നത്. പണപ്രതിസന്ധിയും മാര്‍ക്കറ്റിലെ അനിശ്ചാവസ്ഥയും മൂലം നാട്ടിന്‍പുറങ്ങളിലെ റബര്‍ ഡീലര്‍മാര്‍ കാര്യമായി ചരക്ക് വാങ്ങുകയോ സ്‌റ്റോക്ക് ചെയ്യുകയോ ചെയ്യുന്നില്ല.

Related posts