കോട്ടയം: പകരച്ചുങ്കം റബര്‍ വിലയിലുണ്ടാക്കിയ ചാഞ്ചാട്ടം കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെയും ബാങ്കോക്ക്, ക്വലാലംപുര്‍ മാര്‍ക്കറ്റുകളിലെ വിലയിടിവിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും വില താഴ്ന്നു. ഇന്നലെ റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് 197 രൂപയും ഗ്രേഡ് അഞ്ചിന് 194 രൂപയുമായിരുന്നു. ഒറ്റ ദിവസംകൊണ്ട് നാലു രൂപയുടെ ഇടിവാണുണ്ടായത്.
193 രൂപയ്ക്കാണ് ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നും ഷീറ്റ് വാങ്ങിയത്. ക്രംബ്, ഒട്ടുപാല് വിലയിലും ചെറിയ കുറവുണ്ടായി. വില കുറയുന്ന സാഹചര്യത്തില്‍ വില നിശ്ചയിക്കാന്‍ വ്യവസായികളും ചരക്കെടുക്കാന്‍ ഡീലര്‍മാരും താത്പര്യപ്പെടുന്നില്ല. വില കുറയാനുള്ള സാധ്യതയില്‍ ഡീലര്‍മാര്‍ ചരക്ക് സ്റ്റോക്ക് ചെയ്യാനും ഒരുക്കമല്ല.
കര്‍ഷകരുടെയും ഡീലര്‍മാരുടെയും പക്കല്‍ ഒന്നര ലക്ഷം ടണ്‍ ഷീറ്റ് സ്റ്റോക്കുള്ളതായാണ് വിലയിരുത്തല്‍. ഇത് മുന്നില്‍കണ്ടാണ് വ്യവസായികള്‍ വില ഇടിക്കാനുള്ള നീക്കം നടത്തുന്നത്. നിലവില്‍ വ്യവസായികള്‍ക്ക് കാര്യമായി റബര്‍ സ്റ്റോക്കില്ലാത്തതിനാല്‍ ചരക്ക് വാങ്ങാതിരിക്കാനും സാധിക്കില്ല.
റബര്‍ വില കുത്തനെ ഇടിയുന്നതിനാല്‍ വിലസ്ഥിരതാ പദ്ധതിയില്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്താതെ ടാപ്പിംഗ് മുന്നോട്ടുപോകില്ല. കഴിഞ്ഞ ബജറ്റുകളില്‍ വകയിരുത്തിയ 500 കോടി രൂപയില്‍ നയാ പൈസ പോലും സബ്സിഡിയായി സര്‍ക്കാരിന് കൊടുക്കേണ്ടിവന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷം വില ഏറെ മാസങ്ങളിലും 180 രൂപയ്ക്ക് മുകളില്‍ തുടര്‍ന്നതിനാല്‍ സബ്ഡിഡി അപേക്ഷകള്‍ നന്നേ കുറവായിരുന്നു.പുതുവര്‍ഷം ടാപ്പിംഗ് നടക്കണമെങ്കില്‍ സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതിയില്‍ താങ്ങുവില 200 രൂപയായി വര്‍ധിപ്പിക്കണം. ഇത്രയും വര്‍ധന വരുത്തിയാല്‍പോലും ഈ പദ്ധതിക്ക് മാറ്റിവച്ച 500 കോടി രൂപ വിഹിതം പൂര്‍ണമായി വിതരണം ചെയ്യേണ്ടിവരില്ല.