കോട്ടയം: പ്രകൃതിദത്ത റബറിന്റെ വില സംബന്ധിച്ച വിവരങ്ങൾ ദിവസേന ശേഖരിക്കുന്നതിനായി റബർ ട്രേഡ് ഇൻഫോ എന്ന പേരിൽ റബർബോർഡ് പുതിയ മൊബൈൽ ആപ്പ് തയാറാക്കി. നിലവിലുള്ള റബർവില ശേഖരണസംവിധാനം മെച്ചപ്പെടുത്തുന്നതിനും അതുവഴി വിവരങ്ങൾ അറിയുന്നതിനുള്ള ഡാറ്റാ സോഴ്സുകൾ വർധിപ്പിക്കുന്നതിനുമാണ് ബോർഡ് ലക്ഷ്യമിടുന്നത്.
ഡാറ്റാ സോഴ്സുകൾ കൂടുന്നതിലൂടെ ഭാവിയിൽ വിലവിവരശേഖരണപ്രക്രിയയുടെ കൃത്യതയും വർധിക്കും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെയാണ് ബോർഡ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.കോട്ടയം, കൊച്ചി എന്നി വിപണികളിലെ വ്യാപാരികൾ, സംസ്കർത്താക്കൾ, നിർമാതാക്കൾ, ബ്രോക്കർമാർ, ഏജന്റുമാർ തുടങ്ങിയവരിൽനിന്നെല്ലാം 1970 മുതൽ ബോർഡ് റബർവില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുന്നു.
ഈ വിവരങ്ങളാണ് പ്രകൃതിദത്തറബർമേഖലയുമായി ബന്ധപ്പെട്ടവർ റബ്ബർവിലയുടെ സൂചകമായി കണക്കാക്കിവരുന്നത്. കർഷകർ, റബ്ബറുത്പാദകസംഘങ്ങൾ, വ്യാപാരികൾ, സംസ്കർത്താക്കൾ, നിർമാതാക്കൾ, നയരൂപവക്താക്കൾ തുടങ്ങിയവരെല്ലാം റബറിന്റെ കൊടുക്കൽ വാങ്ങലുകൾ സഹിതം വിപണിസംബന്ധമായ എല്ലാത്തിനും ബോർഡ് പ്രസിദ്ധം ചെയ്യുന്ന ഈ വിലയെയാണ് ആശ്രയിക്കുന്നത്.
ഗൂഗിൾ പ്ലേസ്റ്റോറിൽ ഈ പുതിയ മൊബൈൽ ആപ്പ് ലഭ്യമാണ് അതിലൂടെ എളുപ്പത്തിൽ വിവരങ്ങൾ കൈമാറാൻ കഴിയും. ആപ്പ് ആദ്യമായി ഡൗണ്‍ലോഡ് ചെയ്യുന്പോൾ ഒരു തവണ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ റബർ ബോർഡിന്റെ അംഗീകാരം നേടിയാലേ വിവരങ്ങൾ ആപ്പിൽ ചേർക്കാൻ കഴിയൂ. എല്ലാ വ്യപാരദിനങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നു വരെ വിവരങ്ങൾ അപ്ലോഡ് ചെയ്യാം. മൂന്നു വരെ അപ് ലോഡ് ചെയ്യാത്തവരെ സന്ദേശം നൽകി ഓർമപ്പെടുത്തുന്നതിനും ആപ്പിൽ സംവിധാനമുണ്ട്.