കോട്ടയം: റബർ ഉത്പാദനവും കയറ്റുമതിയും പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. ടയർ വ്യവസായ ലോബിയുടെ സ്വാധീനത്തിലും സമ്മർദത്തിലും ഇറക്കുമതി ഇക്കൊല്ലം റിക്കാർഡിലെത്തുമെന്നാണു സൂചന.
ഇപ്പോഴത്തെ ഉത്പാദനത്തോതനുസരിച്ച് 2018-19 സാന്പത്തികവർഷം നാലര ലക്ഷം ടണ്ണിൽ താഴെയായിരിക്കും ആഭ്യന്തര ഉത്പാദനം. നടപ്പു സാന്പത്തികവർഷം ഓഗസ്റ്റ് വരെ കയറ്റുമതി ചെയ്യാനായത് 404 ടണ്‍ റബർ മാത്രം. അതായത്, സംസ്ഥാനത്തെ പ്രമുഖ റബർ വ്യാപാരികൾ ഒരു വർഷം കർഷകരിൽനിന്നു വാങ്ങുന്ന റബറിനേക്കാൾ കുറഞ്ഞ തൂക്കം.
അതേസമയം, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 2,20,439 ടണ്‍ ഇറക്കുമതി നടന്നു. ഒൗദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഒക്ടോബർ വരെ ഇറക്കുമതി മൂന്നു ലക്ഷം ടണ്‍ കടന്നതായാണ് സൂചന.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ആഭ്യന്തര ഉത്പാദനം 2,12,200 ടണ്‍. ഉപഭോഗം 5,11,040 ടണ്‍. കഴിഞ്ഞ സാന്പത്തിക വർഷം ഇതേ കാലത്ത് ഉത്പാദനം 2,59,000 ടണ്ണും ഉപഭോഗം 4,42,280 ടണ്ണുമായിരുന്നു. അതായത് ഉത്പാദനത്തേക്കാൾ ഉപഭോഗത്തിൽ രണ്ടു ലക്ഷത്തിലേറെ ടണ്ണിന്റെ അധികം.
വിലത്തകർച്ചയും മഹാപ്രളയവും ടാപ്പിംഗ് മുടക്കവും കാലാവസ്ഥാവ്യതിയാനവും റബർ കൃഷിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തുലാമഴ ഡിസംബർ വരെ തുടർന്നാൽ ടാപ്പിംഗ് മേഖല നിശ്ചലമായി ഉത്പാദനം നാമമാത്രമാകും. ഉത്പാദനം കുറവായിട്ടും റബർവില താഴേക്കാണ്.
ആർഎസ്എസ് നാല് ഗ്രേഡിന് 135 രൂപയിൽനിന്ന് ഒരു മാസത്തിനുള്ളിൽ 125 രൂപയിലെത്തി. ആർഎസ്എസ് നാല് ഗ്രേഡ് 120 രൂപയിൽ താഴ്ന്നു. ഇതിനു താഴെയുള്ള ഗ്രേഡിന് 110 രൂപയാണ് കർഷകർക്കു കിട്ടുന്നത്.
ഇറക്കുമതി കുതിച്ചു
പ്രതിമാസ ഉത്പാദനം പതിനയ്യായിരം ടണ്ണിലേക്കുതാഴ്ന്നിരിക്കെ ഇറക്കുമതി രണ്ടു മാസമായി 70,000 ടണ്ണിനു മേലെയാണ്. അന്താരാഷ്ട്രവില താഴുന്ന സാഹചര്യം മുന്നിൽക്കണ്ട് അടുത്ത മാസം ഒരു ലക്ഷം ടണ്ണിന്റെ ഇറക്കുമതിക്കാണ് വ്യവസായികളുടെ നീക്കം. ഡിസംബറിനുശേഷം ആഭ്യന്തര ഉത്പാദനം മെച്ചപ്പെട്ടാൽ ഉയർന്ന ഗ്രേഡ് ഷീറ്റിന് 100 രൂപയോടടുത്തു താഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ടാപ്പിംഗ് കൂലി, കൃഷി- സംസ്കരണച്ചെലവ് എന്നിവ കർഷകർക്ക് താങ്ങാനാവുന്ന നിലയിലല്ല. ടാപ്പിംഗ് നടക്കുന്ന 45 ശതമാനം തോട്ടങ്ങളിലും ഷീറ്റ് തയാറാക്കാതെ ലാറ്റക്സായി വിൽക്കുകയാണ്. റബർവില വീണ്ടും ഇടിക്കാൻ ഒരാഴ്ചയായി വ്യവസായികൾ മാർക്കറ്റിൽനിന്നു ചരക്കെടുക്കാതെ മാറിനിൽക്കുകയും ചെയ്യുന്നു. ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കുന്ന സർക്കാർ വിലസ്ഥിരതാ സബ്സിഡി വിതരണം മൂന്നു മാസമായി നിലച്ചതും ചെറുകിട റബർ കർഷകർക്കു തിരിച്ചടിയായി.
റെജി ജോസഫ്