കോട്ടയം: വിലയില്ലാതെ വെറുതെ പോയിരുന്ന റബര്ക്കുരുവിനും തോട്ടപ്പയര്‍ വിത്തിനും നല്ല കാലം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍കൃഷി വ്യാപിച്ചതോടെ റബര്‍ നഴ്സറികള്‍ക്ക് തൈ കിളിര്പ്പിക്കാന് വിത്തു തികയുന്നില്ല.
നന്നായി വിളഞ്ഞു പൊട്ടിവീണ കുരു കിലോയ്ക്ക് 200 രൂപ നിരക്കില്‍ റബര്‍ നഴ്സറികള്‍ സംഭരിക്കുന്നുണ്ട്. തോട്ടങ്ങളില്‍ തൈകള്‍ക്ക് തണുപ്പും വളക്കൂറും നൽകുന്ന നാടന്‍ പടല് എന്ന തോട്ടപ്പയര്‍ വിത്ത് കിലോയ്ക്ക് 1200 രൂപവരെ വിലയുണ്ട്. 450 രൂപയില്‍നിന്നു വില കുത്തനേ ഉയരുകയായിരുന്നു.
മുന്‍പ് കര്‍ഷകര്‍ക്ക് ബാധ്യതയായിരുന്ന പനങ്കുരുവിനും ഡിമാന്ഡായി. പനങ്കുരു പരിപ്പ് കിലോയ്ക്ക് 10 രൂപ മുതല്‍ 20 രൂപ വരെ വിലയുണ്ട്. വടക്കേ ഇന്ത്യയില്‍ പാന്‍ ഉത്പന്നങ്ങള്‍ നിര്‍മാണത്തിൽ അസംസ്കൃതവസ്തുവായി ഇത് ഉപയോഗിക്കും.
കട്ടപ്പന, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വില്പന സജീവമാണ്. മിക്ക ജില്ലകളിലും വ്യാപാരം നടത്തുന്നു. കള്ളിനേക്കാള്‍ വരുമാനം കുരുവില്നിന്ന് ലഭിക്കുമെന്നതിനാല്‍ പനയുള്ളവര് ചെത്താന്‍ കൊടുക്കുന്നില്ല.