കോട്ടയം: അസംസ്കൃത വസ്തുക്കളുടെ പട്ടികയിൽപ്പെടുത്തി റബർ കടകൾ തുറക്കാമെന്ന് സർക്കാർ അനുമതി നൽകിയശേഷവും പോലീസ് ചില പ്രദേശങ്ങളിൽ കടകൾ അടപ്പിച്ചതായി വ്യാപാരികൾ.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരിമിതമായി കടകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമീപ ജില്ലകളിൽ അടപ്പിച്ചു.
റബർ ഷീറ്റും ഒട്ടുപാലും വിറ്റ് വീടു പോറ്റുന്ന ചെറുകിട കർഷകരാണ് നിലവിലെ നിയന്ത്രണത്തിൽ വലയുന്നത്.
ഷീറ്റ് വാങ്ങിയ ചെറുകിട കടയുടമകളിൽനിന്നു വൻകിട വ്യാപാരികൾക്ക് ഷീറ്റ് കൈമാറാനോ ഗോഡൗണുകളിൽ പായ്ക്കു ചെയ്യാനോ സാധിക്കുന്നില്ല.
കോവിഡ് നിയന്ത്രണത്തിൽ സാന്പത്തികമായി ദുരിതപ്പെടുന്ന കർഷക, വ്യാപാരി സമൂഹത്തിന് സർക്കാരിന്റെ അവ്യക്തമായ പ്രഖ്യാപനം വലിയ ദുരിതം സൃഷ്ടിക്കുന്നു.
റെയിൻഗാർഡും പ്ലാസ്റ്റിക്കും അനുബന്ധസാധനങ്ങളും വിൽക്കുന്ന കടകൾക്ക് നിയന്ത്രണമുള്ളതിനാൽ ഇത്തരത്തിലും കർഷകർക്ക് പ്രതിസന്ധി രൂക്ഷമാണ്.