കോട്ടയം: റബർ വില 130 രൂപയിലും താഴ്ന്നു. റബർ ബോർഡ് വില ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 132 രൂപയും അഞ്ചാം ഗ്രേഡിന് 129 രൂപയുമായി കുറഞ്ഞു. വ്യാപാരികൾ കിലോഗ്രാമിനു മൂന്നു രൂപ താഴ്ത്തിയാണു ചരക്കു വാങ്ങിയത്. വ്യാപാരികൾ അതതു ദിവസം ചരക്ക് വിറ്റു തീർക്കുകയാണ്. ഇന്നലെ വിദേശവില 140 രൂപയിലെത്തി.
മാർച്ച് അവസാനം 152 രൂപയായിരുന്ന വിദേശവില ഒരു മാസമായി താഴ്ചയിലാണ്. ഇന്തോനേഷ്യയിലും തായ്ലൻഡിലും ഉത്പാദനം കൂടിയെന്നാണു മാർക്കറ്റ് വർത്തമാനമെങ്കിലും തീരുവ അടച്ച് ഇറക്കുമതി ചെയ്യുന്നതിനുള്ള ഭാരിച്ച ചെലവു നോക്കിയാൽ അഭ്യന്തരമാർക്കറ്റിൽനിന്ന് 150 രൂപയ്ക്ക് ഇപ്പോഴും റബർ വാങ്ങാവുന്നതേയുള്ളൂ.
റബർ വ്യവസായികൾ ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് എസ്എംആർ 20 റബർ കിലോഗ്രാം 115-120 രൂപ നിരക്കിൽ ഇറക്കുമതിക്കുള്ള കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. തീരുവ ഉൾപ്പെടെയാണ് ഈ നിരക്ക് എന്നതിനാൽ വരുംമാസങ്ങളിലും വില സംഘടിതമായി ഇടിക്കാനാണു ടയർ കന്പനികളുടെ നീക്കം.
വിദേശവില ഇനിയും താഴുമെന്ന കണക്കുകൂട്ടലിൽ വ്യവസായികൾ കാര്യമായി ചരക്ക് സ്റ്റോക്ക് ചെയ്യുന്നുമില്ല. നാലു മാസത്തിനു മുന്‍പത്തെ നിരക്കിലേക്കു റബർവില താഴ്ന്നിരിക്കെ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ്. നിലവിൽ 40 കോടി രൂപ പദ്ധതിയിൽ കർഷകർക്കു സഹായം നൽകാനുണ്ട്.