സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസവും ആദായവും സമ്മാനിച്ച് ഓട്ടോ ടാപ്പറെത്തി. റബർ ടാപ്പിംഗ് ഇനി ഈസിയായി നടത്താം. ജെ.ജെ.എൻജിനീയറിംഗ് കന്പനി വികസിപ്പിച്ചെടുത്ത ഓട്ടോ ടാപ്പർ എന്ന ഇലക്ട്രോണിക് ഉപകരണം അടുത്ത മാസം വിപണിയിലെത്തും. 2009 മുതൽ ആരംഭിച്ച പരീക്ഷണമാണ് ഇപ്പോൾ പൂർണതയിലെത്തിയിരിക്കുന്നത്. പലതവണ രൂപമാറ്റങ്ങൾ നടത്തിയും ഗവേഷണങ്ങൾ നടത്തിയുമാണു ചേലക്കര സ്വദേശി പി.വി.ജോസഫും തളിപ്പറന്പ് സ്വദേശി ജിമ്മി ജോസും ചേർന്ന് ഓട്ടോ ടാപ്പറിന് അന്തിമ രൂപം നൽകിയത്.
റബർ വെട്ടാൻ ഒരു മെഷിൻ എന്ന ആശയം ജോസഫിന്റെ മനസിലുദിച്ചപ്പോൾ പിന്നീടതിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുകയായിരുന്നു ജിമ്മി ജോസ്. 7800 രൂപയാണു ഓട്ടോ ടാപ്പറിന്റെ വില. സർക്കാർ സബ്സിഡി ലഭിക്കുകയാണെങ്കിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതു നൽകാനാകുമെന്നും ഇവർ പറയുന്നു.2010ൽ ഇന്ത്യൻ പേറ്റന്റിന് അപേക്ഷ നൽകിയ ഇവർ 2012ൽ തായ്ലാന്റ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ റബർ ഉത്പാദക രാജ്യങ്ങളിൽ പേറ്റന്റിന് അപേക്ഷ നൽകി.
2012ൽ റബർ ബോർഡിന്റെ യന്ത്രവത്കൃത കത്തി നിർമാണ പദ്ധതിയിൽ ഇവർ പങ്കെടുക്കുകയും ഇവർ അവതരിപ്പിച്ച ഓട്ടോ ടാപ്പർ എന്ന മെഷിന് അവാർഡ് ലഭിക്കുകയും ചെയ്തു.റബർ തോട്ടത്തിൽ പലതവണ പരീക്ഷണവിധേയമാക്കിയ ശേഷമാണ് ഓട്ടോ ടാപ്പർ ഇവർ വിപണിയിലെത്തിക്കുന്നത്. ടാപ്പിംഗിൽ മുൻപരിചയമില്ലാത്തവർക്കു പോലും എളുപ്പത്തിൽ ടാപ്പിംഗ് പരിശീലിക്കാമെന്നതാണ് ഓട്ടോ ടാപ്പറിന്റെ സവിശേഷത.
രണ്ടാഴ്ച കൊണ്ട് ടാപ്പിംഗ് പഠിക്കാമെന്ന് ജോസഫും ജിമ്മി ജോസും പറയുന്നു. നിലവിലുള്ള ടാപ്പിംഗ് രീതിയെ അപേക്ഷിച്ചു ശാരീരികാധ്വാനം വളരെ കുറവു മതിയെന്നതാണ് മറ്റൊരു സവിശേഷത. ഒരു തവണ ചാർജു ചെയ്താൽ 400 മരങ്ങളിൽ നിന്നുവരെ ടാപ്പിംഗ് നടത്താമെന്നിവർ പറയുന്നു. കത്തി ഉപയോഗിച്ച് റബർ ടാപ്പിംഗ് നടത്തുന്പോൾ പലപ്പോഴും മരത്തിനു കായം വീഴുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഓട്ടോ ടാപ്പർ ഉപയോഗിക്കുന്പോൾ മരത്തിനു കായം വീഴുന്ന അവസ്ഥയ്ക്കു 90 ശതമാനം കുറവു വരുമെന്ന് ഇവർ പറയുന്നു.
പത്തു ശതമാനം ഉത്പാദന വർധനവും ഓട്ടോ ടാപ്പർ ഉപയോഗിക്കുന്പോൾ ലഭിക്കുന്നുവെന്നതു റബർ കർഷകർക്ക് ഏറെ ആദായം നൽകുമെന്നതാണ് മറ്റൊരു നേട്ടം.റബർ മരത്തിന്റെ ആയുസ് വർധിക്കുന്നുവെന്നതും മെഷിൻ ഉപയോഗിച്ച് ടാപ്പിംഗ് നടത്തുന്പോഴുള്ള ഗുണമാണ്.തൃശൂർ മണ്ണുത്തി വെള്ളാനിക്കര കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന വൈഗ 2017 എക്സിബിഷനിൽ ഓട്ടോ ടാപ്പറിന്റെ ഒൗദ്യോഗിക ലോഞ്ചിംഗ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ബംഗലൂരുവിലാണ് ഓട്ടോ ടാപ്പർ ഉത്പാദിപ്പിക്കുന്നത്.
റബർ ഉത്പാദിപ്പിക്കുന്ന മറ്റു രാഷ്ട്രങ്ങളിലേക്ക് ഇവർ ആയിരം മെഷിനുകൾ വീതം അയച്ചുകൊടുത്തിട്ടുണ്ട്. അവിടെ നിന്നെല്ലാം വളരെ നല്ല പ്രതികരണമാണു തങ്ങൾക്കു ലഭിച്ചതെന്നും നിർമാതാക്കൾ പറഞ്ഞു. വൈഗ എക്സിബിഷൻ കാണാനെത്തുന്ന നിരവധി പേർ ഓട്ടോ ടാപ്പറിനെക്കുറിച്ചു ചോദിച്ചു മനസിലാക്കാൻ ഇവരുടെ സ്റ്റാളിലെത്തുന്നുണ്ട്.