നെന്മാറ : റബ്ബർ ഉല്പാദന മേഖലയിൽ മഴക്കാലത്ത് റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനായി കാലവർഷത്തിനു മുന്പായി റബ്ബർ മരങ്ങളിൽ പ്ലാസ്റ്റിക് പാവാട ഉടുപ്പിക്കൽ പ്രതിസന്ധിയിൽ.
പ്ലാസ്റ്റിക് ഷീറ്റുകളും പശയും ഉപയോഗിച്ച് മഴ മറ (റെയിൻ ഗാർഡ്) സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലോക്ക് ഡോണ് ആയതോടെ അടഞ്ഞു കിടന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
കാലവർഷാരംഭത്തിന് മുന്പായി കർഷകർക്ക് മഴക്കാലത്തെ ടാപ്പിങ്ങ് ആരംഭിക്കുന്നതിന് വേണ്ടി മരങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്.
കാലവർഷം ആരംഭിച്ചാൽ മരങ്ങളുടെ തൊലിയിൽ ജലാംശം നിന്നാൽ പശയും റെയിൻ ഗാർഡിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളും മരത്തിൽ ഒട്ടിച്ചേരാതിരിക്കുകയും വെട്ടു പട്ട യിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി റബ്ബർ പാൽ ചിരട്ടകൾ നിറഞ്ഞ് ഒഴുകി പോകാനും റബ്ബർ പാൽ സംഭരിക്കാൻ കഴിയാതാവുകയുും കർഷകർക്ക് വരുമാന നഷ്ടവുമുണ്ടാകും.
കാലവർഷാരംഭത്തിനു മുന്പുതന്നെ റബർ മരങ്ങളിൽ റെയിൻ ഗാർഡ് സംവിധാനം സ്ഥാപിക്കുന്നതിന് ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകളെ ലോക്ക് ഡൗണിൽ നിന്ന് താൽക്കാലികമായെങ്കിലും കുറച്ചു ദിവസത്തേക്ക് ഇളവു നൽകി തുറക്കാൻ അനുവദിക്കണമെന്നാണ് മേഖലയിലെ കർഷകരുടെ ആവശ്യം.
എന്നാൽ വളം കീടനാശിനി എന്നിവ നിൽക്കുന്ന കടകൾക്ക് ദിവസത്തിൽ കുറച്ചു സമയം തുറക്കാൻ അനുമതി സർക്കാർ നൽകിയിട്ടുണ്ട്. റബ്ബർ കർഷകരുടെ കാര്യത്തിലും ഇക്കാര്യത്തിൽ നടപടികൾ കാലവർഷത്തിന് മുന്പായി തന്നെ സ്വീകരിക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്
. റബ്ബർ കൃഷി കൂടുതലുള്ള കയറാടി, കരിന്പാറ, പൂഞ്ചേരി, കൽച്ചാടി, ഒലിപ്പാറ, കാന്തളം, മംഗലം ഡാം, തുടങ്ങിയ റബ്ബർ കൃഷി മേഖലയിലെ കർഷകരാണ് പ്രതിസന്ധിയിലായത്.