വിപണി വിശേഷം / കെ.ബി. ഉദയഭാനു
തായ്ലൻഡ് വീണ്ടും വാളോങ്ങി, ആഗോള റബർവിപണി ആശങ്കയുടെ മുൾമുനയിൽ. കരുതൽ ശേഖരത്തിലെ റബർ ലേലത്തിൽനിന്ന് തായ്ലൻഡ് പിന്മാറില്ല. വിയറ്റ്നാം കുരുമുളകിന് ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം ഇന്ത്യ പിൻവലിച്ചു. സോയ, നിലക്കടല ഉത്പാദനം ഉയർന്നതിനിടെ സൂര്യകാന്തി ഇറക്കുമതി ഡ്യൂട്ടി വെട്ടിക്കുറച്ചു, കൊപ്രക്ഷാമം വെളിച്ചെണ്ണവിപണി ചൂടുപിടിപ്പിച്ചു. പവൻ വീണ്ടും തിളങ്ങി.
റബർ
രാജ്യാന്തര റബർ മാർക്കറ്റ് മികവിനു ശ്രമം നടത്തവേ തായ്ലൻഡിന്റെ നീക്കങ്ങൾ വീണ്ടും തിരിച്ചടിയാവും. കരുതൽ ശേഖരത്തിലെ റബർ ലേലത്തിനിറക്കുമെന്നും ഇറക്കില്ലെന്നും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച അവർ ഉത്പാദക രാജ്യങ്ങളെ നക്ഷത്രമെണ്ണിക്കുകയാണ്. അടുത്ത ദിവസം 13,000 ടണ് റബർ ലേലത്തിനിറക്കുമെന്ന് അവർ വ്യക്തമാക്കി. മേയ് അവസാനത്തിനു മുന്പായി 1.07 ലക്ഷം ടണ് റബർ കരുതൽ ശേഖരത്തിൽനിന്ന് ഒഴിവാക്കാനുള്ള തയാറെടുപ്പിലാണവർ.
ടയർ കന്പനികൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ ബാങ്കോക്കിൽനിന്ന് പുറത്തുവന്നത് ടോക്കോമിലും സീക്കോമിലും ഷാങ്ഹായിലും റബറിനെ തളർത്തി. ടോക്കോമിൽ റബർവില ഏഴു ശതമാനം കുറഞ്ഞ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലാണ്. തായ് റബർ അഥോറിറ്റിയുടെ ലേലം താഴ്ന്ന വിലയ്ക്ക് ഉറപ്പിച്ചാൽ രാജ്യാന്തര മാർക്കറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. എന്നാൽ, ലേലത്തിൽ ഇടപാടുകാർ മത്സരിച്ച് പങ്കെടുത്താൽ ലോകവിപണിയിൽ റബറിലെ നിക്ഷേപതാത്പര്യം ഉയരാം.
ചൈനയുടെ റബർ ഇറക്കുമതി ഫെബ്രുവരിയിൽ 55 ശതമാനം വർധിച്ചു. ഇത് ചൈനീസ് മാർക്കറ്റിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തും. പ്രതികൂല കാലാവസ്ഥ മൂലം മുഖ്യ ഉത്പാദകരാജ്യങ്ങളിൽ ടാപ്പിംഗ് മന്ദഗതിയിലാണ്. പകൽ താപനില ഉയർന്നതു മൂലം കേരളത്തിൽ ടാപ്പിംഗ് സ്തംഭിച്ചിരിക്കുകയാണ്. വേനൽമഴ ലഭ്യമായെങ്കിലും ലാറ്റക്സിനു നേരിട്ട വിലത്തകർച്ച ടാപ്പിംഗിൽനിന്ന് ചെറുകിട കർഷകരെ പിന്തിരിപ്പിച്ചു. ലാറ്റക്സ് 9,300 രൂപയിലാണ്. 14,900-15,000 രൂപയിൽ വിപണനം നടന്ന നാലാം ഗ്രേഡ് വാരാവസാനം 14,700 ലാണ്.
കുരുമുളക്
വിയറ്റ്നാം കുരുമുളകിന് ഇന്ത്യ ഏർപ്പെടുത്തിയ ഇറക്കുമതിനിരോധനം പിൻവലിച്ചു. മാസാരംഭത്തിൽ നിരോധന പ്രഖ്യാപനം കുരുമുളകുവിലയിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. എന്നാൽ, പിന്നീട് കുരുമുളകുവില താഴ്ന്നു. കൂർഗിൽനിന്നുള്ള പുതിയ മുളകുവരവ് ഉയർന്നു. കൊച്ചിയിൽ പുതിയ കുരുമുളകിന് 600 രൂപ കുറഞ്ഞ് 56,300 രൂപയായി. ഗാർബിൾഡ് മുളകുവില 60,800 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 9,950 ഡോളർ. നിരക്കു കുറഞ്ഞെങ്കിലും വിദേശ വ്യാപാരരംഗം തളർച്ചയിലാണ്. വിയറ്റ്നാമിലെ കർഷകർ വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്. അടുത്ത മാസം പുതിയ മുളക് കയറ്റുമതിക്കു സജ്ജമാകും. വൈകാതെ അവർ താഴ്ന്ന നിരക്കിലെ ക്വട്ടേഷൻ ഇറക്കുമെന്നാണ് യൂറോപ്യൻ ബയറർമാരുടെ കണക്കുകൂട്ടൽ. ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള കുരുമുളക് യൂറോപ്യൻ രാജ്യങ്ങൾ ബ്രസീലിൽനിന്നും ഇന്തോനേഷ്യയിൽനിന്നും ശേഖരിച്ചു.
ചുക്ക്
ഗൾഫിൽനിന്നും ഉത്തരേന്ത്യയിൽനിന്നും ചുക്കിന് പുതിയ ആവശ്യക്കാരില്ല. ചുക്ക് സ്റ്റോക്ക് ഉയർന്നതിനാൽ ഉത്പന്നം വിറ്റുമാറാനുള്ള ശ്രമത്തിലാണ് ഇടപാടുകാർ. ആഭ്യന്തര വിദേശ ആവശ്യം ചുരുങ്ങിയതിനാൽ മൂന്നാം വാരവും ചുക്ക് വില താഴ്ന്നു. കൊച്ചിയിൽ വിവിധയിനം ചുക്ക് 12,250-13,250 രൂപയിലാണ്.
ഭക്ഷ്യയെണ്ണ
രാജ്യത്ത് സോയാബീൻ, നിലക്കടല തുടങ്ങിയവയുടെ ഉത്പാദനം ഉയരുമെന്ന വിലയിരുത്തൽ ഭക്ഷയെണ്ണകളുടെ വിലക്കയറ്റത്തെ പിടിച്ചുനിർത്താം. നടപ്പുവർഷം പാചകയെണ്ണ ഇറക്കുമതി 14 ദശലക്ഷം ടണ്ണിൽ ഒരുങ്ങാം. ഇതിനിടയിൽ സൂര്യകാന്തിയുടെ ഇറക്കുമതി ഡ്യൂട്ടി 30 ശതമാനത്തിൽനിന്ന് പത്ത് ശതമാനമാക്കി.
നാളികേരം
കർഷകർക്ക് ആവേശം പകർന്ന് നാളികേരോത്പന്നങ്ങളുടെ നിരക്ക് വർധിച്ചു. 15,100 രൂപയിൽനിന്ന് വെളിച്ചെണ്ണ 15,500 രൂപയായി. വരൾച്ച നാളികേര ഉത്പാദനത്തെ ബാധിക്കുമെന്ന് വ്യക്തമായതിനാൽ കരുതലോടെയാണ് സ്റ്റോക്കുള്ള കൊപ്രവിപണികളിലേക്ക് നീക്കുന്നത്. കൊച്ചിയിൽ 8155 രൂപയിൽ വിപണനമാരംഭിച്ച കൊപ്ര 8500 രൂപയായി. കോഴിക്കോട് 9000 രൂപയ്ക്കും മില്ലുകാർ കൊപ്ര ശേഖരിച്ചു.
ജാതിക്ക
ജാതിക്ക, ജാതിപത്രി വില സ്റ്റെഡി. അടുത്ത മാസം പുതിയ ചരക്ക് വില്പനയ്ക്കെത്തും. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തുന്നത്. ജാതിക്ക തൊണ്ടൻ 225-350 രൂപയിലും തൊണ്ടില്ലാത്തത് 475-570, ജാതിപത്രി 500-650 രൂപ.
സ്വർണം
കേരളത്തിൽ സ്വർണവില ഉയർന്നു. ആഭരണവിപണികളിൽ പവൻ 21,600 രൂപയിൽ നിന്ന് 21,840 രൂപയായി. ഒരു ഗ്രാമിന്റെ വില 2730 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1229 ഡോളറിൽനിന്ന് ഒരവസരത്തിൽ 1254 ഡോളർ വരെ കുതിച്ച ശേഷം 1242 ഡോളറിലാണ്.